District News
കൊച്ചി: പാലാരിവട്ടം സൗത്ത് ജനത റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും പാലാരിവട്ടം സെന്റ് മാര്ട്ടിന് പാരിഷ് ഹാളില്‍ നടത്തി. കുടുംബ സംഗമം കൊച്ചി മേയര്‍ അഡ്വ. മിനി മോളും ഓണാഘോഷം കൗണ്‍സിലര്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസും ഉദ്ഘാടനം ചെയ്തു.
ഓണാഘോഷത്തോടനുബന്ധിച്ചു അംഗങ്ങളുടെ വിവിധ കലാപരിപാടികളും തിരുവാതിരയും അവതരിപ്പിച്ചു. പ്രസിഡന്റ് അഡ്വ. സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. ജേക്കബ് കുര്യന് സ്വാഗതവും ട്രഷറര്‍ സഹസ്രനാമന്‍ നന്ദിയും പറഞ്ഞു.
District News
കൊച്ചി: കൊച്ചി കോർപറേഷൻ ഡിവിഷൻ 25ന്റെ ഓണാഘോഷ പരിപാടിയായ ഓണക്കൂട്ട് 2026 വടുതല പള്ളിക്കാവ് ടെമ്പിൾ ഓഡിറ്റോറിയത്തിൽ നടൻ ടിനി ടോം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ ലൂഡി ലൂയിസ്, മുൻ കൗൺസിലർമാരായ പി.എൻ. സീനുലാൽ , മിന്ന വിവേര, കെഎൽസിഎ പ്രസിഡന്റ് മേരി ജോർജ്, എൻഎസ്എസ് കരയോഗം ട്രസ്റ്റി സി.പങ്കജാക്ഷൻ, ജോമി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓണക്കളികളും കലാപരിപാടികളും കൊച്ചി കലാക്ഷേത്രയുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.
District News
കൊച്ചി: പാലാരിവട്ടം കെസിയ ഹോബ്സ് സെന്ററും പള്ളിനട റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. കെസിയ ഹോപ് സെന്ററിന്റെ ഹൗസ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച രണ്ടു വീടുകളുടെ താക്കോലുകൾ കെ. ബാബുവും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ സെക്രട്ടറി പി.ജെ. ബെന്നിയും ചേർന്ന് കൈമാറി.
വീടുകളുടെ മുഴുവൻ നിർമണ സാമഗ്രഹികൾ നൽകിയത് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ ആണെന്ന് ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി.വി. സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഗേളി റോബർട്ട്, ഡി.ജി. സുരേഷ്, തങ്കമണി വർഗീസ്, കെ.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഭരണ നടത്തിപ്പുകൾ ദീർഘനാളത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷം ദേവസ്വം ബോർഡിൽനിന്ന് ഭക്തജനങ്ങൾക്കായി വീണ്ടെടുത്ത ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ പ്രവർത്തനങ്ങളെ കേരള സന്ന്യാസി മാർഗദർശക മണ്ഡലം അഭിനന്ദിക്കുകയും ക്ഷേത്രം ട്രസ്റ്റി ഭാരവാഹികൾക്ക് മംഗളപത്രം സമർപ്പിക്കുകയും ചെയ്തു.
ക്ഷേത്ര ട്രസ്റ്റി ഭാരവാഹികളായ കൃഷ്ണകുമാര വർമരാജ, പ്രകാശ് രാജ, രാഗേഷ് രാജ എന്നിവരുടെ നേതൃത്വത്തിലാണ് സ്വാമിമാരെ മാല ചാർത്തി സ്വീകരിച്ചത്. കേരളത്തിൽ മാത്രമല്ല, ഭാരതത്തിലുടനീളം ഹൈന്ദവ സമൂഹം തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണമെന്നും സ്വാമിജിമാർ അഭിപ്രായപ്പെട്ടു.
സന്യാസി മാർഗദർശക മണ്ഡലത്തിന്റെ സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ധർമാനന്ദ സ്വാമികൾ, സ്വാമി ആത്മസ്വരൂപാനന്ദ മഹാരാജ്, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി തൃപ്പാദങ്ങൾ തുടങ്ങിയ സന്യാസികളാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം സന്ദർശിച്ചത്.
District News
കാക്കനാട്: ഓണപ്പെരുമയുടെ ചരിത്രവും ഐതീഹ്യവും പേറുന്ന തൃക്കാക്കര നഗരസഭയുടെ ഇത്തവണത്തെ ഓണം ഘോഷയാത്ര തൃപ്പൂണിത്തുറ അത്തച്ചമയ മാതൃകയിൽ സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സംഘാടക സമിതി.
ഓണോത്സവ് 2026 എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ കഴിഞ്ഞമാസം 20 ന് സദ്യവട്ടങ്ങളോടെ തുടക്കമിട്ടെങ്കിലും ഇന്നലെ നടന്ന ഓണം ഘോഷയാത്ര അവതരണ മികവിലും അലങ്കാരക്കാഴ്ച കൊണ്ടും അക്ഷരാർഥത്തിൽ കാണികളുടെ മനംകവർന്നു.
എൻജിഒ ക്വാർട്ടേഴ്സിനു സമീപമുള്ള സർക്കാർ വക യൂത്ത് ഹോസ്റ്റൽ വളപ്പിൽ നിന്നും ഓലിമുകൾ, മാവേലിപുരം വഴി കളക്ടറേറ്റ് ചുറ്റി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. തെയ്യം, മയിലാട്ടം, കരകാട്ടം, കാവടിയാട്ടം, അമ്മൻകുടം, ബൊമ്മക്കൊലു, കഥകളി, മോഹിനിയാട്ടം, കോൽക്കളി, കളരിപയറ്റ്, തിരുവാതിര ഇരുചക്ര വാഹന പ്രച്ഛന്ന വേഷം എന്നിവയാൽ സമ്പന്നമായിരുന്നു. നിശ്ചല വേഷങ്ങൾ പലതും ചമയംകൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി.
ഓണാഘോഷ സമാപന സാംസ്കാരിക സമ്മേളനം ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഉമാ തോമസ് എംഎൽഎ, ഹൈബി ഈഡൻ എംപി, നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വൈസ് ചെയർപെഴ്സൺ അഡ്വ. ഷെറീന ഷുക്കൂർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. അനിൽകുമാർ, പി. എസ്. സുജിത്,ടീനു ജിപ്സൺ, ടി.ടി. ബാബു, എം.ടി. ഓമന, നഗരസഭാ പ്രതിപക്ഷ നേതാവ് സി.പി. സാജൽ പ്രസംഗിച്ചു.
ഓണാഘോഷ പരിപാടികൾക്കായി സംസ്ഥാന സർക്കാർ 35 ലക്ഷം രൂപയും ഇത്തവണ അനുവദിച്ചിരുന്നു. കഴിഞ്ഞ കൊല്ലംവരെ സർക്കാർ സഹായം 25 ലക്ഷം ആയിരുന്നു.
District News
കരുവാരകുണ്ട്: അന്യജില്ലകളില്‍നിന്നു മലയോര മേഖലയിലേക്ക് വന്‍തോതില്‍ വ്യാജക്കള്ളൊഴുകുന്നതായി ആരോപണം. പ്രാദേശികമായി തെങ്ങും പനയും ചെത്താന്‍ ആളില്ലാത്തതും മദ്യവിരുദ്ധ സമിതികളുടെ ഇടപെടലുകളും കാരണം മലയോര പഞ്ചായത്തുകളില്‍ കള്ള് ഉത്പാദനം നിലച്ച സാഹചര്യം മുതലെടുത്താണ് ലോബിയുടെ തട്ടിപ്പെന്നാണ് ആരോപണം.
പാലക്കാട് ചിറ്റൂരില്‍നിന്നാണ് കള്ളെത്തിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവിടുത്തെ കള്ള് പ്രദേശത്തെ ആവശ്യങ്ങള്‍ക്ക് തികയാറില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പറളി ചെക്ക് പോസ്റ്റിലെ പ്രഹസന പരിശോധന മറയാക്കി അന്യജില്ലകളില്നിന്നെത്തിക്കുന്ന കള്ള്, അബ്കാരി നിയമങ്ങള്‍ അട്ടിമറിച്ച് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച ശേഷമാണ് ഷാപ്പുകളിലേക്ക് വിതരണം ചെയ്യുന്നത്.
കള്ളിന്റെ അളവും വീര്യവും കൂട്ടാന്‍ സ്റ്റാര്‍ച്ച്, ക്ലോറല്‍ ഹൈഡ്രേറ്റ്, സാക്കറിന്, സോഡിയം ലോറൈല്‍ സള്‍ഫേറ്റ് തുടങ്ങിയ മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായും ആക്ഷേപമുണ്ട്. ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയുടെ നിര്‍മാണത്തിനും കൃത്രിമ മധുരത്തിനും ഉപയോഗിക്കുന്ന ഇത്തരം രാസപദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ കൊടുംവിഷമായി മാറും. ഇവ കരള്‍, കണ്ണ്, ചര്‍മം എന്നിവ തകരാറിലാക്കി മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പും എക്സൈസ് അധികൃതരും മുന്നറിയിപ്പ് നല്കുന്നു.
കള്ളില്‍ മായം ചേര്‍ത്താല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലൈസന്‍സ് റദ്ദാക്കലും അടക്കമുള്ള കര്‍ശന നിയമങ്ങളുണ്ടെങ്കിലും അധികൃതര്‍ കണ്ണടയ്ക്കുന്നതാണ് ലോബിയുടെ തോന്നുംവിധമുള്ള പ്രവര്‍ത്തനത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ കള്ള് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് മദ്യവിരുദ്ധ സമിതിയുടെ ആവശ്യം.
District News
പെരുമ്പാവൂര്‍: തോട്ടുവ-തോട്ടുവക്കടവ് റോഡില്‍ നിറയെ കുഴികള്‍. ഒന്നരകിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇവിടെ നിർമാണ പ്രവൃത്തികൾ നടത്തിയിട്ട് 20 വര്‍ഷത്തിലേറെയായി.
വല്ലം-പാണംകുഴി റോഡിനേയും തോട്ടുവ-നമ്പിള്ളി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. ഏതാനും സ്ഥലങ്ങളില്‍ കട്ടവിരിച്ചതല്ലാതെ മറ്റ് പണികളൊന്നും റോഡില്‍ നടത്തിയിട്ടില്ല. റോഡില്‍ കാനയില്ലാത്തതിനാല്‍ വെള്ളം കെട്ടിയാണ് റോഡ് സ്ഥിരമായി തകരുന്നത്. തോട്ടുവ ധന്വന്തരി ക്ഷേത്രം, ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്സ് പള്ളി, ചേരാനല്ലൂര്‍ ശിവക്ഷേത്രം, മംഗളഭാരതി ആശ്രമം, ചേരാനല്ലൂര്‍ ചര്‍ച്ച്, യുപി സ്കൂള്‍, മങ്കുഴി തിരുക്കുടുംബ ദേവാലയം കൂടാതെ വിവിധ വ്യവസായ സ്ഥാപനങ്ങളും പത്തിലേറെ ബസ് സര്‍വീസുകളുമുള്ള റോഡാണിത്.
ഇതുവഴി കാല്‍നടയാത്ര പോലും ദുസഹമാണ്. രണ്ട് മാസം കഴിഞ്ഞാല്‍ തോട്ടുവ-ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവവും ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് പള്ളിയിലെ തിരുനാളുമാണ്. ചേരാനല്ലൂര്‍-തോട്ടുവ, മങ്കുഴി, ഓച്ചാംതുരുത്ത്, നടുത്തുരുത്ത് മേഖലയിലെ ആളുകള്‍ക്ക് പെരുമ്പാവൂര്‍, കാലടി മേഖലയിലേക്ക് പോകുന്നതിനുള്ള ഏക റോഡാണിത്. ഇപ്പോള്‍ തന്നെ ഓട്ടോറിക്ഷ വിളിച്ചാല്‍ വരാന്‍ മടിക്കുന്ന അവസ്ഥയാണ്.
District News
മഞ്ചേരി: നൂറുക്കണക്കിന് യുവാക്കളുടെ പങ്കാളിത്തത്തില്‍ നടന്ന മുള്ളമ്പാറോണം ശ്രദ്ധേയമായി. മഞ്ചേരി മുള്ളമ്പാറയിലെയും പരിസരപ്രദേശങ്ങളിലെയും യുവജന ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നടന്ന ആഘോഷം നാടിന്റെ ആഘോഷമായി.
പുലര്‍ച്ചെ നടന്ന കൂട്ടയോട്ടത്തോടെയാണ് ആഘോഷ പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് വി.കെ. പാലസ് ഓഡിറ്റോറിയത്തിലും പരിസരത്തുമായി വിവിധ ഓണമത്സരങ്ങള്‍ അരങ്ങേറി. കസേരകളി, കാരംസ്, ഉറിയടി തുടങ്ങിയവയില്‍ ആരംഭിച്ച മത്സരങ്ങള്‍ വൈകീട്ട് മെഗാ വടംവലിയോടെയാണ് സമാപിച്ചത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.
District News
വൈപ്പിൻ : റോ-റോ ജെട്ടിയിൽ വൈദ്യുതി വിളക്കുകൾ മിഴി പൂട്ടിയതോടെ യാത്രക്കാർ ഇരുട്ടിൽ തപ്പുന്നു. വൈപ്പിൻ ജെട്ടിയിലാണ് ഈ ദുരവസ്ഥ. രാത്രിയിൽ ജങ്കാറിൽ എത്തുന്ന യാത്രക്കാർ ഇപ്പോൾ വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലാണ് ജങ്കാറിൽ നിന്ന് ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകുന്നത്.
നിരവധി തവണ പരാതിപ്പെട്ടിട്ടും ഉത്തരവാദപ്പെട്ട കൊച്ചി നഗരസഭ ഇവിടെ വഴിവിളക്കുകൾ തെളിയിക്കാൻ നടപടി എടുക്കുന്നില്ലെന്ന് റോ-റോ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ കൺവീനർ ജോണി വൈപ്പിൻ ആരോപിച്ചു
District News
മഞ്ചേരി: 30 വര്‍ഷം മുന്‍പ് മഞ്ചേരിയില്‍ ആരംഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുമായി ഒരുമാസം നീണ്ടു നില്ക്കുന്ന കാന്പയിന് ഇന്നു തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയിലെ ഒന്‍പത് പാലിയേറ്റീവ് കേന്ദ്രങ്ങളുടെ കീഴിലാണ് കാന്പയിന്.
നഗരസഭാ പ്രദേശത്തുള്ള ആയിരത്തിലധികം കിടപ്പുരോഗികള്‍ക്ക് ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടുകളിലെത്തി പരിചരണം നല്കാന് 13 വാഹനങ്ങളും സേവന സന്നദ്ധരായ അംഗങ്ങളും സജ്ജമാണ്.
കൂടുതല്‍ ആളുകളിലേക്ക് സേവനം വ്യാപിപിച്ച് പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനുള്ള വിഭവ സമാഹരണമാണ് കാന്പയിന്റെ ലക്ഷ്യം.
സൗത്ത് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ കീഴില്‍ മുള്ളമ്പാറ കേന്ദ്രീകരിച്ച് സബ് സെന്റര്‍ തുടങ്ങുന്നതിനും പദ്ധതിയുണ്ട്.
കൂടാതെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മഞ്ചേരി കാന്‍സര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ അസോസിയേഷന്റെ കീഴില്‍ പ്രൊഫഷണല്‍ ടീമിന്റെ പിന്തുണയോടെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പാലിയേറ്റീ വോളന്റിയര്‍മാര്‍ക്കും മികച്ച പരിചരണം നല്‍കുന്നതിനുള്ള പരിശീലനം നല്‍കും.
കൂടാതെ രോഗീപരിചരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ കൈപുസ്തകവും പ്രസിദ്ധീകരിക്കും. പാലിയേറ്റീവ് വിവരങ്ങള്‍ ലഭ്യമാക്കാനായി വെബ്സൈറ്റും സജ്ജീകരിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പാലിയേറ്റീവ് വോളന്റിയര്‍മാരായ ശുഹൈബ് വളപ്പില്‍, അലി പയ്യനാട്, സഹീര്‍ കോര്‍മത്ത്, ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.
District News
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ജാതിവിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനുമെതിരേ ഗവേഷക വിദ്യാർഥി അനഘ ശശി അഞ്ചുമുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും
വിഷയത്തിൽ സർക്കാർ നിസംഗത തുടരുന്നതിനാലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് "ജസ്റ്റിസ് ഫോർ അനഘ’ സമരസമിതി അറിയിച്ചു.
പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാൻ പൊലിസ് ഇതുവരെ തയാറായിട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
അഞ്ചിനകം അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് തിരൂരിലെ സമരപ്പന്തലിൽ വിശാല ഐക്യദാർഢ്യ സമിതി രൂപീകരണ യോഗം ചേരും.
സാംസ്കാരിക,രാഷ്ട്രീയ പ്രവർത്തകരും അന്‍പതിലധികം സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ജാതിവിവേചനം, മാനസിക പീഡനം എന്നിവ നടത്തിയെന്ന പരാതിയിൽ എസ്-എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള അറസ്റ്റ് നടപടികൾ പൂർത്തിയാക്കുക, രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന ഡോക്ടറൽ കമ്മിറ്റി യോഗം ഉടൻ ചേർന്ന് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുക, ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളും അക്കാഡമിക് മാർഗനിർദേശങ്ങളും ലഭ്യമാക്കാൻ സർവകലാശാലയ്ക്ക് സർക്കാർ നിർദേശം നൽകുക, കുറ്റാരോപിതരായ അധ്യാപകർക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കും വരെ സമരം തുടരുമെന്നും സമിതി അറിയിച്ചു.
District News
തളിപ്പറമ്പ്: പാർട്ടിയുടെ നേതൃനിരയിൽ നിന്നുകൊണ്ട് കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടു തന്നെ പാർട്ടി വഞ്ചിച്ചയാളാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം പിബി അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. സിപിഎം തളിപ്പറന്പിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് മണ്ഡലത്തിൽ 47 ശതമാനത്തിന്റെ വോട്ട് കുറവായിട്ടുണ്ട്. സാധാരണ ഗതിയിൽ അങ്ങിനെ സംഭവിക്കേണ്ടതല്ല. സിപിഎം നയിക്കുന്ന എൽഡിഎഫും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മിലാണ് മത്സരമുണ്ടായത്. അതിൽ സിപിഎമ്മിനും എൽഡിഎഫിനും എതിരായി ആരുവന്നാലും അത് യുഡിഎഫിന്റെ സ്ഥാനാർഥിയാണ്. ഇവിടുണ്ടാകുന്ന ജയവും പരാജയവും സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും ജയവും പരാജയവുമാണ്.
ജനവിധി പാർട്ടിയും മുന്നണിയും മാനിക്കുന്നു. പരാജയം അംഗീകരിച്ചുകൊണ്ടു തന്നെ തുടർപ്രവർത്തനങ്ങൾ നടത്തും. തോൽക്കാൻ ഇടയാക്കിയ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിച്ചിട്ടുണ്ട്. പാർട്ടി എന്ന നിലയ്ക്കും മുന്നണി എന്ന നിലയ്ക്കും തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിക്കൊണ്ടു മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പിണറായി പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി.കെ. ശ്യാമള അധ്യക്ഷത വഹിച്ചു.
District News
കരുവാരകുണ്ട്: വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ആശ്രിത നിയമനത്തിന് ആവശ്യം. വീടിനടുത്ത കൃഷിയിടത്തില്‍ പോകുന്നതിനിടെയാണ് കുടുംബത്തിന്റെ ഏക അത്താണിയായ വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
മന്ത്രി കെ.എം മാണിയുടെ കാലത്ത് സ്ഥാപിച്ച തൂണുകളാണ് പ്രദേശത്ത് പലയിടത്തും. കാലപഴക്കത്തെത്തുടര്ന്ന് ദ്രവിച്ചു നിലംപതിക്കാനായ നിലയിലാണ് പല വൈദ്യുത തൂണുകളും. ഇവ മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ അപകടം ആവര്‍ത്തിക്കുമെന്ന് കല്കുണ്ട് മലയോരത്തെ കര്‍ഷകനും ആര്‍ജെഡി നേതാവുമായ സുനില്‍ ജേക്കബ് കടമപ്പുഴ പറഞ്ഞു. ഷോക്കേറ്റ് മരിച്ച വീട്ടമ്മയുടെ ആശ്രിതര്‍ക്ക് വൈദ്യുതി വകുപ്പില്‍ ജോലി നല്‍കണമെന്നാണ് ആവശ്യം.
District News
തേർത്തല്ലി: ചെണ്ടുമല്ലി പൂക്കൾ കൊണ്ട് വേറിട്ട പഠന വഴി ഒരുക്കിയിരിക്കുകയാണ് മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിനോട് ചേർന്നുള്ള തരിശിടം പ്രയോജനപ്പെടുത്തി മനോഹരമായ പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് വിദ്യാർഥികൾ.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ പലരും ഫോട്ടോഷൂട്ടിനും ഇവിടം പ്രയോജനപ്പെടുത്തുന്നു. ഈ മനോഹര കാഴ്ച കാണാനും നിരവധി ആളുകൾ എത്തുന്നുണ്ട്.
District News
വിമലശേരി: നവീകരണ പ്രവർത്തി നടത്തിയ വിമലശേരി സെന്റ് മേരീസ് പള്ളിയുടെ വെഞ്ചരിപ്പ് കർമം തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ, തലവിൽ ജിഎസ്ആർടിസി ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
വിമലശേരി സെന്റ് മേരീസ് ഇടവക വികാരി ഫാ. സാബു പരവരാകത്ത്, ഇടവക കോ-ഓർഡിനേറ്റർ ബെന്നി പുത്തൻപുരയ്ക്കൽ, ട്രസ്റ്റിമാരായ ജോസ് പെരുമ്പുഴകടവിൽ, തോമസ് പുത്തൻപുരയ്ക്കൽ, ജോഷി ചെട്ടിയാകുന്നേൽ, ജോസ് കടുപ്പിൽ എന്നിവർ നേതൃത്വം നൽകി.
District News
കരിങ്കല്ലത്താണി: ലഹരിവിരുദ്ധ സന്ദേശമുയർത്തി എംഎസ്എഫ് താഴെക്കോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച "ബിഎ തൂഫാൻ വാരിയേഴ്സ്’ സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ തൂഫാൻ സ്ട്രൈക്കേഴ്സ് എഫ്സി ജേതാക്കളായി.
ആവേശം നിറഞ്ഞ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തൂഫാൻ സ്പോർട്ടിംഗ് എഫ്സിയെ പരാജയപ്പെടുത്തിയാണ് തൂഫാൻ സ്ട്രൈക്കേഴ്സ് കിരീടം സ്വന്തമാക്കിയത്. പെരിന്തൽമണ്ണ മണ്ഡലം ലീഗ് പ്രസിഡന്റ് എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ജസീൽ പറന്പൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് കെ.വി. അഫീസ് അധ്യക്ഷനായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലൽ, പോസ്റ്റർ പ്രകാശനം എന്നിവയും നടന്നു.
താഴെക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ്, ജനറൽ സെക്രട്ടറി അഫ്സൽ, പെരിന്തൽമണ്ണ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുറത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഉബൈദ് ആക്കാടൻ, മുസ്തഫ, നിഷാദ് കുറ്റിപുളി, ഫാത്താഹ്, പ്രബീന ഹബീബ് അൻസാർ ഒടുവിൽ തുടങ്ങിയവർ പ്രപ്രസംഗിച്ചു.
District News
കുടിയാന്മല: വൈഎംസിഎ കുടിയാന്മല യൂണിറ്റിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും വൈഎംസിഎയിൽ ചേർന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും കുടിയാന്മല മേരി ക്യൂൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്നു.
സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കുടിയാന്മല യൂണിറ്റ് പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം അധ്യക്ഷത വഹിച്ചു. കുടിയന്മല ഫാത്തിമ മാതാ പള്ളി വികാരിയും വൈഎംസിഎ രക്ഷാധികാരിയുമായ ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ അഡ്വ. ഷാജിമോൻ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു.
കണ്ണൂർ സബ് റീജിയൻ കൺവീനർ ജോസ് മാത്യു പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈഎംസിഎ നാഷണൽ പ്രോപ്പർട്ടി കമ്മിറ്റി മെന്പർ ബെന്നി ചേരിക്കത്തടം മുഖ്യപ്രഭാഷണം നടത്തി. സബ് റീജിയൻ വനിത ഫോറം വൈസ് ചെയർപേഴ്സൺ സാലി മുണ്ടാമ്പള്ളിൽ, വിനോദ് കാപ്പിൽ, ജോസ് മുണ്ടാമ്പള്ളിൽ, പൗലോസ് മുഞ്ഞേലിൽ, ജെയിംസ് പേരുക്കുന്നേൽ, ഫിലിപ്പ് വെളിയത്ത്, ഇമ്മാനുവൽ ചെമ്പേരി, സക്കറിയാസ് പയ്യാവൂർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ -പ്രസിഡന്റഅ, ബേബി വട്ടക്കുന്നേൽ -വൈസ് പ്രസിഡന്റ്, സിജോ കണ്ണേഴത്ത് - സെക്രട്ടറി, മാത്യു കുടക്കച്ചിറ -ജോയിന്റ് സെക്രട്ടറി, ബിനു ഇളംകുന്നപ്പുഴ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
എടക്കര: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് വീണുമരിച്ച സംഭവത്തിൽ ഒരാളെ പൂക്കോട്ടുംപാടം പൊലിസ് അറസ്റ്റ് ചെയ്തു. പാലാങ്കര മടക്കുംമൂട്ടിൽ ഷിബുവിനെയാണ് (46) പൂക്കോട്ടുംപാടം എസ്ഐ അറസ്റ്റ് ചെയ്തത്.
ഇയാളെ നിലന്പൂർ കോടതിയിൽ ഹാജരാക്കി. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാങ്കര പുന്നപ്പാല അസൈനാർ (54) ഞാറയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. കഴിഞ്ഞ 23 നാണ് സംഭവം നടന്നത്.
പാലാങ്കര ടൗണിലെ ക്ലബിൽ വച്ചുണ്ടായ വാക്കേറ്റത്തിനും കൈയാങ്കളിക്കുമിടയിൽ അസൈനാർ തലയടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഷിബു ശ്രമിച്ചെങ്കിലും അസൈനാർ തയാറായില്ല. പിറ്റേ ദിവസമാണ് അസൈനാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസൈനാർ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് മരിച്ചത്.
District News
കുഞ്ഞിമംഗലം: മേപ്രക്കാവിൽ ടി.ഡി. തോമസിന്റെ നേതൃത്വത്തിലുള്ള കർഷകരക്ഷാ സേന ഇന്നലെ കുഞ്ഞിമംഗലം പഞ്ചായത്തിൽ നടത്തിയ കാട്ടുപന്നി വേട്ടയിൽ നാല് കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
പഞ്ചായത്ത് അധികൃതരുടെ ആവശ്യപ്രകാരം ഇരുപത് അംഗ സംഘം വേട്ട നായ്ക്കളെയും കൊണ്ട് നടത്തിയ തെരച്ചിലിൽ നാല് കാട്ടുപന്നികളെ കൃഷിസ്ഥലത്തിനടുത്തുനിന്ന് വെടിവച്ചുകൊല്ലുകയും മൂന്ന് എണ്ണത്തിനെ വിരട്ടി ഓടിക്കുകയും ചെയ്തു.
പഞ്ചായത്ത് മെമ്പർമാരും നാട്ടുകാരും സാക്ഷികളായി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ അവയെ നിയമാനുസരണം സംസ്കരിച്ചു. റെജി അയ്കരയിൽ, ജെയിംസ് വെണ്ണയപ്പള്ളിൽ, തോമസ് കുന്നുംപുറം, ബേബി തോമസ്, ഷാൻകുമാർ, സ്കാരിയാ തോമസ് എന്നിവരും വേട്ടയിൽ പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: കുളത്തിൽ വീണ മൊബൈൽ ഫോണ്‍ അഗ്നിരക്ഷാ സേനാംഗം മുങ്ങിയെടുത്തു നൽകി. അങ്ങാടിപ്പുറം സ്വദേശി അഫ്സലിന്റെ വില കൂടിയ മൊബൈൽ ഫോണ്‍ മാലപറന്പിലെ ഇറാ പാർക്കിലെ കുളത്തിലാണ് നഷ്ടമായത്.
പെരിന്തൽമണ്ണ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സ്കൂബ ടീം അംഗമായ സുജിത്ത് കുളത്തിൽ മുങ്ങി ഫോണ്‍ എടുത്ത് ഉടമയ്ക്ക് തിരികേ നൽകി. എഎസ്ടി യു. മുഹമ്മദ് അലി, സീനിയർ ഫയർ ഓഫീസർമാരായ ലെജി സി. ശേഖർ, രമേശ്, ഫയർ ഓഫീസർമാരായ കിഷോർ, നബീൽ, അഖിൽ മുഹമ്മദ് ഷഹൻഷാ എന്നിവരാണ് കുളത്തിൽ തെരച്ചിൽ നടത്തിയത്.
District News
ചെമ്പേരി ബസലിക്കയിൽ
ചെമ്പേരി: ലൂർദ് മാതാ ബസിലിക്കയിൽ പരിശുദ്ധ മാതാവിന്റെ ഒരാഴ്ച നീളുന്ന പിറവിത്തിരുനാൾ ആഘോഷം ഇന്ന് മുതൽ എട്ടുവരെ നടക്കും. വൈകുന്നേരം 4.15 ന് ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ കൊടിയേറ്റും. തുടർന്ന് അസിസ്റ്റന്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ വിശുദ്ധ കുർബാനയർപ്പിക്കും.
ഏഴു വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാനയുണ്ടായിരിക്കും. ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്, ഫാ. സ്കറിയ താമരക്കാട്ട് എംഎസ്ടി, ഫാ. ജോമിഷ് നൂറമ്മാക്കൽ, ഫാ. ജോസഫ് തേനമ്മാക്കൽ, ഫാ. തോമസ് തയ്യിൽ, ഫാ. അമൽ തൈപ്പറമ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട് മുഖ്യ കാർമികത്വം വഹിക്കും. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം ആറിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കുമെന്ന് ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അറിയിച്ചു.
ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ
ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മാതാവിന്റെ പിറവി തിരുനാളും എട്ടു നോമ്പാചരണവും 200 മണിക്കൂർ അഖണ്ഡ ജപമാലയും ആരാധനയും ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 7.30ന് 200 മണിക്കൂർ അഖണ്ഡ ജപമാല ആരാധന ആരംഭിക്കും. 4.30ന് പൊതു ജപമാല, കാഴ്ച സമർപ്പണം.
ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. എബിൻ മങ്കുഴിയിൽ കാർമികത്വം വഹിക്കും.
ഏഴുവരെ എല്ലാ തിരുനാൾ ദിവസങ്ങളിലും രാവിലെ 5.30ന് വിശുദ്ധ കുർബാന, ആരാധന, ജപമാല. വൈകുന്നേരം 4.30ന് പൊതു ജപമാല, കാഴ്ച സമർപ്പണം, ആഘോഷമായ വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങൾ നടക്കും. തിരുനാൾ സമാപന ദിവസമായ എട്ടിന് വൈകുന്നേരം 3. 30ന് വിശുദ്ധ കുർബാന, ആരാധന, ജപമാല. നാലിന് 200 മണിക്കൂർ അഖണ്ഡ ജപമാല ആരാധന സമാപനം. തുടന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ കാർമികത്വം വഹിക്കും. പാച്ചോർ നേർച്ചയോടെ തിരുനാൾ സമാപിക്കും.
വിവിധ ദിവസങ്ങളിൽ ഫാ. ജയിംസ് അട്ടാറയ്ക്കൽ, ഫാ. ജേക്കബ് തുണ്ടിയിൽ, ഫാ. ജോസഫ് കാക്കരമറ്റത്തിൽ, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ, ഫാ. തോമസ് മണവത്ത്, ഫാ. മാത്യു വെട്ടുവയലിൽ എന്നിവർ കാർമികരാകും.
District News
പെരിന്തല്‍മണ്ണ: കോഴിത്തീറ്റയുടെ അമിത വിലവര്‍ധനവും സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില്പന വിലയും കാരണം സംസ്ഥാനത്തെ കോഴി വളര്‍ത്തല്‍ മേഖല കടുത്ത പ്രതിസന്ധിയിലെന്ന് കര്‍ഷകര്‍. ഒരു കിലോ ഇറച്ചികോഴിയെ ഉല്പാദിപ്പിക്കാന് കര്ഷകന് ശരാശരി 115 രൂപ ചെലവ് വരുമ്പോള്‍, ഫാമുകളില്‍നിന്ന് കേവലം 76 രൂപയ്ക്കാണ് വില്പന നടക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
50 കിലോയുടെ തീറ്റച്ചാക്കിന് 2,500 രൂപയായി വില ഉയര്‍ന്നതും കോഴിക്കുഞ്ഞുങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ ചെലവ് വര്‍ധിച്ചതും ചെറുകിട ഫാമുകളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും ഫാം ഉടമകള്‍ പറയുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പോള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിയ്ക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും നിവേദനം നല്കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമേകുന്ന ഈ മേഖലയെ ഇതുവരെ കാര്‍ഷിക വൃത്തിയായി അംഗീകരിച്ചിട്ടില്ല. അതിനാല്‍ മറ്റു കാര്‍ഷിക മേഖലകള്‍ക്ക് ലഭിക്കുന്ന സബ്സിഡി, വായ്പാ ഇളവുകള്‍, ക്ഷേമപദ്ധതികള്‍, നികുതി ആനുകൂല്യങ്ങള്‍ എന്നിവ പോള്‍ട്രി കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
സങ്കീര്‍ണമായ ലൈസന്‍സ് ചട്ടങ്ങള്‍, ഉയര്‍ന്ന കെട്ടിട നികുതി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭീമമായ ഫീസ്, വര്‍ധിച്ച വൈദ്യുതി നിരക്ക് എന്നിവ കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത ബാധ്യതയായി മാറിയിട്ടുണ്ട്.
കോഴിവളര്‍ത്തലിനെ കാര്‍ഷിക മേഖലയായി അംഗീകരിക്കുക, ലൈസന്‍സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക, കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവ് അനുവദിക്കുക, സബ്സിഡിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുക, മേഖലയിലെ പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന് മുന്നോട്ടുവെക്കുന്നത്.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സംസ്ഥാനത്തെ പോള്‍ട്രി മേഖല പൂര്‍ണമായും തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദര്‍ അലി വറ്റല്ലൂര്‍ പറഞ്ഞു.
District News
പയ്യന്നൂർ: വെറ്ററിനറി ഫീൽഡ് ഓഫീസർ അടുത്തിലയിലെ ഇ. ജയകുമാറിന്റെ സ്മരണാർഥം അദ്ദേഹം വളർത്തിയിരുന്ന ആടുകളെ കുടുംബം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വിതരണം ചെയ്തു. പയ്യന്നൂർ ബിആർസി യുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി വി. കുഞ്ഞികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യന്നുർ മുനിസിപ്പൽ ചെയർപേഴ്സൺ സരിൻ ശശി അധ്യക്ഷത വഹിച്ചു.
ജൂലൈ 28നായിരുന്നു ജയകുമാറിനെ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ പരിപാലിച്ചു വന്നിരുന്ന 52 ആടുകൾക്കു വേണ്ടി പുല്ലരിയാനായി ഇരുചക്ര വാഹനത്തിൽ പോയതായിരുന്നു. പഴയങ്ങാടിയിലെ വെറ്ററിനിറി ഉപ കേന്ദ്രത്തിൽ ജോലി ചെയ്യവേയാണ് ജയകുമാർ ആടുകളെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.
കശാപ്പ് ശാലകളിൽ നിന്ന് ആടുകളെ വിലയ്ക്ക് വാങ്ങി ഓമനകളായി വളർത്തുകയായിരുന്നു. അവ പെറ്റുപെരുകയായിരുന്നു. വളർത്തി വന്ന ആടുകളിൽ ഒന്നിനെ പോലും വിൽക്കുകയോ അവയുടെ പാൽ കറന്നെടുക്കുകയോ ചെയ്യാതെയായിരുന്നു ജയകുമാർ തന്റെ അരുമകളെ പരിപാലിച്ചു പോന്നത്. ജയകുമാറിന്റെ ഓർമ നിലനിർത്താൻ അദ്ദേഹത്തിന്റെ ആടുകളെ പോറ്റി വളർത്താൻ താത്പര്യമുള്ളവർക്ക് ദാനം ചെയ്യാമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് ബിആർസി യുടെ നേതൃത്വത്തിൽ നടപ്പാക്കിയത്. ബിആർസിയിലെ ഭിന്നശേഷിക്കാരായ 25 കുട്ടികളെ കണ്ടെത്തി അവർക്ക് ഓരോ ആടു വീതം നൽകി.
ഈ ആടുകൾ പ്രസവിക്കുമ്പോൾ അതിന്റെ കുഞ്ഞുങ്ങളെ തിരികെ ഏൽപ്പിക്കണമെന്ന വ്യവസ്ഥയോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ആട്ടിൻകൂട്ടത്തിന്റെ പരിപാലകനായ ജയകുമാറിന്റെ ഓർമകൾ കാലങ്ങളോളം നിലനിർത്തുകയാണ് കുടുംബം ഉദ്ദേശിക്കുന്നത്.
ആടു വിതരണത്തിന് മുന്‍പായി ആടു വളർത്തൽ എന്ന വിഷയത്തിൽ വെറ്ററിനറി സർജൻ ഡോ. വി. പ്രശാന്ത് ക്ലാസെടുത്തു. കണ്ണൂർ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.സി. ഹാസിം മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രോഗ്രാം ഓഫീസർ പി. ബഷീർ, പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എ. അബ്ദുൾ ബഷീർ, മൃഗ സംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ ഡോ. എ. കെ. അബ്ദുൾ ഹക്കീം, ജയകുമാറിന്റെ കുടുംബാംഗങ്ങൾ , പ്രിൻസിൽ ഇ. സി. വിനോദ്, ഹൈസ്കൂൾ എച് എം ഫോറം കൺവിനർ എം. ലക്ഷ്മണൻ, പ്രൈമറി എച്ച്എം ഫോറം കൺവിനർ സി. വി. ബാബു, പയ്യന്നൂർ ബിപിസിഎം. വി. വിനോദ് കുമാർ, സിആർസി കോ-ഓർഡിനേറ്റർ കെ.വി. രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
District News
മലപ്പുറം: കൊല്ലൻപടി - കറുകത്തുരുത്തി വളവ് റോഡിൽ റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ഗുരുവായൂർ - ആൽത്തറ - പൊന്നാനി റോഡ് വഴി തിരിഞ്ഞു പോകണം.
District News
ചെമ്പേരി: ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസിന്റെ കണ്ണൂർ ജില്ലാ സമ്മേളനം ചെമ്പേരി കരുണാലയം ഓഡിറ്റോറിയത്തിൽ നടത്തി. വിവിധ ക്ഷേമസ്ഥാപനങ്ങളിലെ നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. ജോർജ് ജോഷ്വ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജിത ഹാരിസ് അധ്യക്ഷത വഹിച്ചു.
ദേശീയ പ്രസിഡന്റ് എം. ജെ. സ്റ്റീഫൻ, ദേശീയ സെക്രട്ടറി രാജേഷ് തിരുവല്ല, സംസ്ഥാന പ്രസിഡന്റ് അബ്ദുൾ അസീസ്, സംസ്ഥാന സെക്രട്ടറി ജെയ്സൺ പുളിച്ചുമാക്കൽ, കരുണാലയം ഡയറക്ടർ ഫാ. ബിജു ചെന്നോത്ത്, മോൻസി സ്കറിയ, റൂബൻ ബേബി എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ പുതുക്കിയ സർട്ടിഫിക്കറ്റ് വിതരണം നടത്തി. റൂബൻ ബേബി ജോർജിനെ ജില്ലാ പ്രസിഡന്റായും സിസ്റ്റർ നിഷ ആന്റണി ഡിസിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
District News
ചെറുപുഴ: ചെറുപുഴ ടൗണിൽ റോഡരികിലും തിരുമേനി തോട്ടിലേക്കും കാര്യങ്കോട് പുഴയിലേക്കും കക്കൂസ് മാലിന്യമൊഴുക്കിയ സ്ഥാപനത്തിന് 50,000 രൂപ പിഴയിട്ടു. ചെറുപുഴ ബസ്സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന സ്കൈ ബേക്കേഴ്സ് എന്ന സ്ഥാപനത്തിനാണ് ചെറുപുഴ പഞ്ചായത്ത് അധികൃതർ പിഴയിട്ടത്. കൂടാതെ നിക്ഷേപിച്ച മാലിന്യം തിരിച്ചെടുപ്പിക്കുകയും സ്ഥാപനത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതു വരെ സ്ഥാപനം അടച്ചിടാൻ നിർദേശം നൽകിയതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
തുടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഡി. പ്രവീൺ, ലീന വില്യം, പഞ്ചായത്തംഗങ്ങളായ അനീഷ് ആന്റണി, പ്രിൻസ് വെള്ളക്കട എന്നിവർ അറിയിച്ചു.
District News
കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി
മംഗലപുരം: കൈലാത്തുകോണത്ത് മാരകായുധങ്ങളുമായെത്തി നാലുപേരെ ആക്രമിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 10 വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്ത കേസിൽ മൂന്നു പേർ കൂടി പിടിയിലായി.
കേസിലെ ഒന്നാം പ്രതി കൈലാത്തുകോണം അമ്പാടിനിവാസിൽ ശ്രീജു (21), രണ്ടാംപ്രതി കൈലാത്തുകോണം കാട്ടുവിള വീട്ടിൽ സുരാജ് (23), മൂന്നാം പ്രതി കൈലാത്തുകോണം കാട്ടുവിളവീട്ടിൽ ശ്രീരാജ് (26) എന്നിവരെയാണു മംഗലപുരം പൊ ലിസ് അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൈലാത്തുകോണം സ്വദേശികളായ മിഥുൻ (അമ്പാടി), ശ്രീജിത്ത്, രാഹുൽ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഇന്നലെ പിടിയിലായ ശ്രീജു റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കൈലാത്തുകോണം എൽപി സ്കൂളിനു സമീപം പൗരസമിതി സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ സംഘാടകരും പ്രതികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായാണ് രാത്രിയിൽ 15 അംഗ സംഘം ആക്രമണം നടത്തിയത്.
മംഗലപുരം കൈലാത്തു കോണം സ്വദേശികളായ ബിജു (ഉണ്ണി ), സഹോദരങ്ങളായ അനൂപ് (32), ദീപു (38), ഇവരുടെ സുഹൃത്ത് ജിഷ്ണു (26) എന്നിവർക്കു പരിക്കേറ്റിരുന്നു. എസ്എച്ച്ഒ വി. സജുവിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.
District News
പെരുമ്പടവ്: പയ്യന്നൂരിൽ നിന്ന് പുതുതായി ആരംഭിച്ച പെരുമ്പടവ്- കടാംകുന്ന്- ഞെക്ലി- ചീമേനി വഴി കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിന്റെ ഉദ്ഘാടനം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടർ സജിത്ത് സദാനന്ദൻ, പഞ്ചായത്ത് മെമ്പർ ശങ്കരനാരായണൻ, എം. ഉമ്മർ, എ.കെ. രാജൻ, പി.എസ്. ഉസ്മാൻ, എം. ശ്രീധരൻ, കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ കെ. സത്യനാഥൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്വീകരണം നൽകി
പെരുമ്പടവ്: യുഡിഎഫ് സർക്കാരിന്റെ തിരുവോണദിന സമ്മാനമായി അനുവദിച്ച പ്രിയദർശിനി ബസിന് പെരുമ്പടവിൽ നാട്ടുകാർ സ്വീകരണം നൽകി. യുഡിഎഫ് പയ്യന്നൂർ നിയോജകമണ്ഡലം ചെയർമാൻ ഉമ്മർ പെരിങ്ങോം ഉദ്ഘാടനം ചെയ്തു. ജോസഫ് കട്ടത്തറ അധ്യക്ഷത വഹിച്ചു. കരിപ്പാൽ സുരേന്ദ്രൻ, സി.കെ. ദേവസ്യ, എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജെയ്സൺ പുത്തേട്ട്, ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. സുനിൽ ആന്റണി, ബെന്നി പുളിഞ്ചുവട്ടിൽ, ഒ.പി. ആലിക്കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
District News
അമൂല്യമായ കത്തുകള്‍ എബിയുടെ കൈകളിൽ ഭദ്രം
നെയ്യാറ്റിന്‍കര : അപ്പൂപ്പനും വല്യപ്പൂപ്പനും അടക്കം പലരും എഴുതിയ കത്തുകളുടെ ശേഖരം... പരസ്യങ്ങള്‍ അച്ചടിച്ച മേഘദൂത് പോസ്റ്റല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധയിനം കാര്‍ഡുകള്‍...ഇവയെക്കാളൊക്കെ വി.ജെ. എബി നിധി പോലെ കാത്തു സൂക്ഷിക്കുന്നത് മഹാത്മാഗാന്ധി പലര്‍ക്കായി അയച്ച കത്തുകളുടെ പകര്‍പ്പുകളുടെ സമാഹാരമാണ്....
നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി എബിയും തപാലാപ്പീസും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൈതൃക സാമഗ്രികളെയും പുരാവസ്തുക്കളെയും കരുതലോടെ സൂക്ഷിക്കുന്ന ശീലമുള്ളതിനാല്‍ ഇന്നലെകളുടെ അടയാളങ്ങളുടെ കൂട്ടത്തില്‍ കത്തുകളും ഇടം പിടിച്ചു.
കസ്തൂര്‍ബാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, ജമനാലാല്‍ ബജാജ്, കാകാസാഹബ് കലേല്‍ക്കര്‍, കിശോരിലാല്‍, സി.എഫ്. ആന്‍ഡ്രൂസ് എന്നിവര്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന് ഡി റൂസ് വെല്‍റ്റ്, ഫ്രഞ്ച് എഴുത്തുകാരന് റൊമെയ്ന്‍ റോളണ്ട്, അഭിഭാഷകനായ എച്ച്.എസ്. പൊളാക്, ബ്രിട്ടീഷ് എഴുത്തുകാരന് റെജിനാള്‍ഡ് റെയ്നോള്‍ഡ്സ് മുതലായവര്‍ക്കും എഴുതിയ കത്തുകളുടെ പകര്‍പ്പുകളാണ് എബിയുടെ പക്കലുള്ളത്. ബിര്‍ലാ ഹൗസ്, യര്‍വാദ സെന്‍ട്രല്‍ ജയില്‍, സേവാഗ്രാം എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളില്‍നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിട്ടുള്ളവയാണ് ഈ കത്തുകള്‍.
കത്തുകള്‍ക്കു താഴെ ബാപ്പു, എം.കെ. ഗാന്ധി, മോഹന്‍ദാസ്, മോഹന്‍, ബാപ്പുനാ ആശീര്‍വാദ് (ബാപ്പുവിന്റെ ആശീര്‍വാദം) എന്നിവയിലേതെങ്കിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീട്ടിലെത്തുന്ന സന്ദര്‍ശകരുടെ താത്പര്യാര്‍ഥം ഈ കത്തുകളെക്കുറിച്ചു സംസാരിക്കുന്പോള്‍ എബി വാചാലനാകാറുള്ളതും പതിവാണ്.
District News
ഇരിട്ടി: പുതുതായി നിർമാണം പൂർത്തിയാക്കിയ റോഡിന്റെ സംരക്ഷണഭിത്തി തകർന്നത് അപകടഭീഷണി ഉയർത്തുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പെരുവമ്പറമ്പ് - നെല്ലിക്കാംപൊയിൽ റോഡിൽ ചടച്ചിക്കുണ്ടത്താണ് സംരക്ഷണഭിത്തിയുടെ ഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണത്.
തകർന്ന സംരക്ഷണഭിത്തിക്ക് മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന വീടും ഭീഷണിയിലാണ്. കൂടുതൽ ഭാഗം തകരുകയോ മണ്ണിടിയുകയോ ചെയ്താൽ വീടിനും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.
ചടച്ചിക്കുണ്ടം ഹെയർപിൻ വളവിൽ റോഡിന് സംരക്ഷണം ഒരുക്കുന്നതിനായി നിർമിച്ച രണ്ടാൾ ഉയരത്തിലുള്ള ഭിത്തിയുടെ ഒരുഭാഗം ഒരു മാസം മുന്‍പ് തകർന്നിരുന്നു. ഇത് പുനർനിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്‍പേ സമീപത്തെ മറ്റൊരു ഭാഗം കൂടി റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തി തകർന്നതോടെ ഹെയർപിൻ വളവിൽ റോഡിന്റെ വീതി കുറയുകയും എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സാഹചര്യവുമാണ്. പെട്ടെന്ന് വാഹനങ്ങൾ നേർക്കുനേർ എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
സംരക്ഷണഭിത്തി തകർന്ന ഭാഗത്ത് അപകട മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ലെന്നതും ആശങ്ക ഉയർത്തുന്നു. രാത്രി അപകടസാധ്യത കൂടുതലാ കുമെന്നാണ് നാട്ടുകാർ പറയുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച റോഡിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കി അധികകാലം കഴിയുന്നതിന് മുൻപേ തകർന്നത് നിർമാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും ചോദ്യമുയർത്തുന്നു. അപകടസാധ്യത ഒഴിവാക്കാൻ തകർന്ന ഭാഗം അടിയന്തരമായി പുനർനിർമിക്കുകയും വളവിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണമെന്നാണ് ആവശ്യം.
District News
പേരാവൂർ: ഗാർഹിക സഭയാകുന്ന കുടുംബങ്ങളിലൂടെയാണ് തിരുസഭ വളർച്ച പ്രാപിക്കേണ്ടതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. സഭയിലും സമൂഹത്തിലും പാരിഷ് കൗൺസിൽ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏറെ വലുതാണെന്നും സഭയോടുള്ള വിശ്വസ്തത പൂർണമായി ഉൾക്കൊണ്ട് കുടുംബങ്ങളിൽനിന്ന് സഭയെ പടുത്തുയർത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും ആർച്ച്ബിഷപ് പറഞ്ഞു. പേരാവൂർ ഫൊറോന പാരിഷ് കൗൺസിൽ സംഗമം തൊണ്ടിയിൽ കാസ സാൻജോസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ഫൊറോനയിലെ 18 ഇടവകകളിൽ നിന്നായി വൈദികരും സന്യാസിനികളും പാരിഷ് കൗൺസിൽ പ്രതിനിധികളും ഉൾപ്പെടെ അറുന്നൂറോളംപേർ സംഗമത്തിൽ പങ്കെടുത്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ നടന്നു. വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, പ്രൊക്കുറേറ്റർ ഫാ. ഡോ. ജോസഫ് കാക്കരമറ്റം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, ഫൊറോന കോ-ഓർഡിനേറ്റർ ജോണി തോമസ് വടക്കേക്കര, സെക്രട്ടറി സജി മാലത്ത്, ഫാ. സിറിൾ ചെറുകരകുന്നേൽ, ഫാ. സെബിൻ പാലയ്ക്കൽ, ജോജോ കൊട്ടാരംകുന്നേൽ, ഫ്രാൻസിസ് കൂറ്റനാൽ, ടോമി താഴത്തുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: നെല്ലിക്കാംപൊയിൽ ഫൊറോനാതല പാരിഷ് കൗൺസിൽ യോഗം ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. മോൺ. ആന്റണി മുതുകുന്നേൽ ആധുനിക കാലഘട്ടത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി പാരിഷ് കൗൺസിൽ അംഗങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. ജോജി കാക്കരമറ്റം സഭയും സമുദായവും സമൂഹത്തിന് നൽകുന്ന പങ്കിനെക്കുറിച്ചും ക്ലാസുകൾ നയിച്ചു.
ഫൊറോന വികാരി ഫാ. മാത്യു മുളയോലിൽ, ഫൊറോന കോ-ഓർഡിനേറ്റർ ടോമി വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
District News
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ മൂന്നാറിലെ ചൊക്രമുടിയിലെ നീലക്കുറിഞ്ഞി കാണാന്‍ യാത്രക്കാര്‍ക്കായി അവസരം ഒരുക്കുന്നു. 11ന് നെയ്യാറ്റിന്‍കര ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന ട്രിപ്പിന് 1,400 രൂപയാണ് യാത്രാനിരക്ക്. മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, എക്കോ പോയിന്റ്, ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവയും സന്ദര്‍ശിക്കാനാകും. വിശദവിവരങ്ങള്‍ക്ക്: 9809494954, 9567604434.
District News
കണിച്ചാർ: പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കണിച്ചാർ പഞ്ചായത്തിലെ 13-ാം വാർഡ് ഞാണക്കര കണ്ടൻ റോഡ് ഉദ്ഘാടനം ചെയ്തു. വൈദ്യുത മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടന നിർവഹിച്ചു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസിയാമ്മ പോൾ ആധ്യക്ഷത വഹിച്ചു.
കണിച്ചാർ പഞ്ചായത്തിൽ എംഎൽഎ ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ മൂന്ന് പ്രധാന റോഡുകളുടെ ഉദ്ഘാടനമാണ് ഇതോടൊപ്പം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ ബിനോയ് ജോർജ്, ലാലി ജോസ്, സിന്ധു ചിറ്റേരി, ജിൽസൺ മാത്യൂ, ജിബിൻ ജെയ്സൺ, ബിന്ദു ജിമ്മി, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
District News
ഇരിട്ടി: കോറമുക്കിൽ കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ ഇരിട്ടി പൊലീസ് കണ്ടെത്തി. എടൂർ സ്വദേശിനി മൃദുലയുടെ ഉടമസ്ഥതയിലുള്ള കാറാണ് കണ്ടെത്തിയത്. അപകടസമയത്ത് ഷിജുവാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പായിരുന്നു സംഭവം.
കോളിക്കടവ് കോറമുക്ക് സ്വദേശി ചന്ദ്രനെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോകുകയായിരുന്നു . സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ അന്വേഷണവും ഉപയോഗിച്ചാണ് വാഹനം കണ്ടെത്തിയത്. ഇരിട്ടി എസ്എച്ച്ഒ സനീതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു.
District News
തിരുവനന്തപുരം: 173-മത് ചട്ടന്പി സ്വാമി ജയന്തി സമ്മേളനവും പുരസ്കാര സമർപ്പണവും ശ്രീ ചട്ടന്പി സ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഇ ന്നും നാളെയുമായി നട ക്കും. ഇന്നു വൈകുനേരം 5.30 പാളയം കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപിന് സമർപ്പിക്കും. പ്രസിഡന്റ് ഡോ. ജി രാജ്മോഹൻ അധ്യക്ഷതവഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസി അനുസ്മരണ പ്രഭാഷണം നടത്തും. പാളയം പള്ളി ഇമാം സുഹൈബ് മൗലവി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, അഡ്വ. കെ.പി. ജയചന്ദ്രൻ, കോട്ടുകാൽ കൃഷ്ണകുമാർ, ജെ.ആർ. പദ്മകുമാർ, അഡ്വ. ആർ.എസ്. വിജയ് മോഹൻ, മൂക്കംപാലമൂട് രാധാകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം, ജി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും നാളെ രാവിലെ 9.30ന് പുഷ്പാർച്ചന യും ഉണ്ടായിരിക്കും..
District News
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന എട്ടുനോമ്പാചരണത്തിനും തിരുനാളിനും തുടക്കമായി. ഇന്നലെ രാവിലെ 6.45 ന് ഫൊറോന വികാരി ഫാ. ബിജു മാവറ കൊടിയേറ്റി. തുടർന്ന് സീയോൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ജിന്റോ തട്ടാപറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകി.
തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും വിവിധ ശുശ്രൂഷകളും നടക്കും. പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന തിരുനാൾ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസർ ഫാ.ഡോ. ഏബ്രഹാം നെല്ലിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് ഭക്തിനിർഭരമായ മരിയൻ ജപമാല പ്രദക്ഷിണവും നേർച്ച ഭക്ഷണ വിതരണവും. എല്ലാ ദിവസവും രാവിലെ അഞ്ചു മുതൽ രാത്രി എട്ടുവരെ നിത്യാരാധന ചാപ്പലിൽ അഖണ്ഡ ജപമാല ഉണ്ടായിരിക്കും.
കൂട്ടുപുഴ വേളാങ്കണ്ണി മാതാ കപ്പേളയിൽ
ഇരിട്ടി: കൂട്ടുപുഴ വേളാങ്കണ്ണി മാതാ കപ്പേളയില്‍ എട്ട് നോന്പ് തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ. ആന്റണി ആനക്കല്ലില്‍ കൊടിയേറ്റി. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 3.15 ന് ജപമാല, 3.45 ന് വിശുദ്ധ കുര്‍ബാന. സമാപന ദിവസം തിരുക്കർമങ്ങൾക്ക് ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് കാര്‍മികത്വം വഹിക്കും.
District News
തിരുവനന്തപുരം: പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും എട്ടു നോമ്പാചരണവും ഇന്നുമുതൽ. ഇതോടുബന്ധിച്ച് ഇന്നു വൈകുന്നേരം 5.15ന് ആരംഭിക്കുന്ന ജപമാല, മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ക്കു മണ്ണന്തല റാണിഗിരി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ചുണ്ടാക്കാട്ടില്‍ ഒഎഫ്എം മുഖ്യകാര്‍മികനായിരിക്കും.
ബുധന്‍, വ്യാഴം, വെള്ളി, ശനി, സെപ്റ്റംബര്‍ ഏഴ് ദിവസങ്ങളില്‍ വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാനയുണ്ടാകും. ഞായര്‍ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ലൊയോള സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ കീച്ചിറ എസ്ജെ മുഖ്യകാര്‍മികനാകും. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോജോ വടക്കേപ്പറമ്പില്‍ സിഎംഐ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ജമപാല പ്രദക്ഷിണം. എല്ലാ ദിവസവും രാവിലെ 5.45നും 6.30നും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.
District News
ഇരിട്ടി: ഇരിട്ടി പഴയ പാലത്തിൽ നിന്നും ആളുകൾ കാൺകെ പുഴയിലേക്ക് ചാടിയ യുവാവിനെ ഇരിട്ടി അഗ്നിരക്ഷാസേനയും പൊലിസും ചേർന്ന് രക്ഷപ്പെടുത്തി. കോളിക്കടവ് സ്വദേശിയായ യുവാവാണ് ഇന്നലെ വൈകുന്നേരം 6.30 തോടെ പുഴയിലേക്ക് ചാടിയത്. പുഴയിൽ വീണയുടനെ ഇയാൾ മുന്നൂറ് മീറ്ററോളം നീന്തി പുഴയിൽ ഉയർന്നുനിന്ന പാറയിൽ പിടിച്ചു നിൽക്കുകയിരുന്നു.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി. ഇരിട്ടി അഗ്നിരക്ഷാസേനയിലെ അനീഷ് മാത്യു, ഷിജോ, അഞ്ജിത്ത്, സൂരജ്, ഷാനിഫ് എന്നിവർ ചേർന്ന് ഇയാളെ സാഹസികമായി കരയ്ക്കെത്തിച്ച് പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് പൊലിസ് പറയുന്നത്.
District News
കഴക്കൂട്ടം: പരുത്തിപ്പാറ നാലാഞ്ചിറ സംസ്ഥാന പാതയിൽ കേരള വാട്ടർ അഥോറിറ്റിയുടെ 900 എംഎം പിഎസ് സി പൈപ്പ് ലൈനിൽ പെട്ടെന്നുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട, കിണവൂർ, നാലാഞ്ചിറ വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം ഇന്നും നാ ളെയും പൂർണമായും എട്ടുവരെ ഭാഗികമായും തടസപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.
District News
ചുങ്കക്കുന്ന്: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതിലോല പ്രദേശ (ഇഎസ്എ) കരട് വിജ്ഞാപനത്തിൽ കത്തോലിക്ക കോൺഗ്രസ് കൊട്ടിയൂർ മേഖല കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
ജനവാസ മേഖലകളെയും കൃഷിഭൂമികളെയും ബാധിക്കുന്ന രീതിയിലുള്ള വ്യവസ്ഥകളിൽ കർഷകർക്ക് കടുത്ത ആശങ്കയുണ്ടെന്ന് യോഗം വിലയിരുത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനങ്ങളും പരാതികളും നൽകാൻ യോഗം തീരുമാനിച്ചു.
ചുങ്കക്കുന്നിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. പ്രതീഷ് കിഴക്കൻ പുതുപ്പള്ളിയുടെ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് മാത്യു കൊച്ചുതറ, ജിൽസ് എം. മേക്കൽ, ജോൺസ് തൊട്ടിയിൽ, പോൾ ചീരംവേലി, സാലി പോൾ കണ്ണന്താനം, സോണി പൂത്തറ, സെബാസ്റ്റ്യൻ പെരുമാട്ടിക്കുന്നേൽ, ബിജു പൊയ്ക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
District News
പരിയാരം: സഹകരണ മേഖലയിൽ നിന്ന് പരിയാരം മെഡിക്കൽ കോളജിനെ സർക്കാർ ഏറ്റെടുത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളജാക്കി മാറ്റിയപ്പോൾ ജീവനക്കാരുടെ ശന്പളം ഉൾപ്പടെയുള്ള കാര്യങ്ങളിലെ അപാകതകൾ പരിഹരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇതിനായി വിദഗ്ധര്‍ അടങ്ങുന്ന ഉന്നതതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാരുടെ പ്രതിനിധികളോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 1960കളിലെ സ്റ്റാഫ് പാറ്റേണാണ് ആരോഗ്യവകുപ്പില്‍ നിലവിലും തുടരുന്നത് ഇത് പരിഷ്കരിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം തസ്തികയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ഓപ്ഷന് നല്‍കിയപ്പോഴുണ്ടായ പിഴവുകള്‍ പരിഹരിക്കുന്നതിന് റീഓപ്ഷന് അവസരം നല്‍കും. വിവിധ ചികിത്സാ വകുപ്പുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിന് മുഖ്യമന്ത്രി തന്നെ നിര്‍ദേശം നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളജിൽ ഡെന്റല്‍, നഴ്സിംഗ് വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രിന്‍സിപ്പല്‍ തസ്തികകള്‍ അനുവദിക്കും. നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതിനും വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്നത് ശുഭകരമായ കാര്യമാണ്. നിലവില്‍ കാര്യക്ഷമമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ജോലിയില്‍ തുടരാന്‍ അനുവദിക്കും.
ആശുപത്രിയില്‍ നിന്ന് സൗജന്യമായി നല്‍കേണ്ട മരുന്നുകള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു തടസവും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തിൽ നല്ല ഇടപെടല്‍ സര്‍ക്കാര്‍ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി വിളിച്ചു ചേർത്ത യോഗം മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു.
District News
നെടുമങ്ങാട്: നഗരസഭയുടെ അഭിമാന പദ്ധതിയായ "കുട്ടികളുടെ കൊട്ടാരം' അനാസ്ഥ കാരണം നശിക്കുന്നു. മുക്കോലയ്ക്കലിൽ 37 സെന്റ് സ്ഥലത്ത് 1.25 കോടി രൂപ ചെലവഴിച്ചാണ് കാരോട് ചിറയും പരിസരവും നവീകരിച്ച് ഈ വിനോദ കേന്ദ്രം യാഥാർഥ്യമാക്കിയത്.
എന്നാൽ, സമയബന്ധിതമായ അറ്റകുറ്റപ്പണികൾ നടത്താതെ പാർക്കിലെ ഭൂരിഭാഗം കളിക്കോപ്പുകളും ഉപകരണങ്ങളും തകർന്നു കഴിഞ്ഞു. ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. കൃത്യമായ ഇടവേളകളിൽ പരിപാലനം നടത്തേണ്ട നഗരസഭയുടെ അലംഭാവമാണ് ഈ ദയനീയാവസ്ഥയ്ക്കു കാരണമെന്നു നാട്ടുകാരും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു.
തകർന്നു കിടക്കുന്ന കളിയുപകരണങ്ങളും തുരുമ്പെടുത്ത ഇരുമ്പ് കമ്പികളും കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ ആവശ്യത്തിനു വെളിച്ചമോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്തതിനാൽ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായും ആക്ഷേപമുണ്ട്.
സാധാരണ കുട്ടികൾക്കൊപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷി കുട്ടികൾക്കുകൂടി കളിച്ചുരസിക്കാനുള്ള പ്രത്യേക ഉപകരണങ്ങളും സൗകര്യങ്ങളും പാർക്കിൽ വിഭാവനം ചെയ്തിരുന്നെങ്കിലും അധികൃതരുടെ അശ്രദ്ധ, ആ കുരുന്നുകളുടെ വിനോദത്തിനുള്ള അവകാശവും നിഷേധിക്കുന്നു. മറ്റ് ആഘോഷങ്ങൾക്കും മേളങ്ങൾക്കുമായി നഗരസഭ ലക്ഷക്കണക്കിനു രൂപ ധൂർത്തടിക്കുമ്പോഴാണ് കുട്ടികളുടെ അടിസ്ഥാന അവകാശമായ വിനോദ കേന്ദ്രം തിരിഞ്ഞുനോക്കാനാളില്ലാതെ നശിക്കുന്നത്.
ആഘോഷങ്ങൾക്കായി മാറ്റിവെക്കുന്ന തുകയിൽനിന്നും ഒരു ചെറിയ വിഹിതം പാർക്കിന്റെ അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കാൻ അധികൃതർ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
മാങ്ങാട്ടുപറന്പ്: സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലിസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെഎപി, എംഎസ്പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന സേനാംഗങ്ങള്‍ ജനതാത്പര്യം ഉയര്‍ത്തിപ്പിടിക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത പൊലിസ് സേനാംഗങ്ങള്‍ക്കുണ്ട്. കുറ്റാന്വേഷണ കാര്യങ്ങളിലും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും രാജ്യത്തിന് തന്നെ മാതൃകയാണ് കേരള പൊലിസ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും നാടിന്റെ ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കുകയെന്ന കടമയും പൊലിസിനുണ്ടെന്നും അത് മറക്കരുതെന്നും മന്ത്രി പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ ടി.ഒ.മോഹനന്, സജീവ് ജോസഫ്, വി. കുഞ്ഞികൃഷ്ണന്, സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ബറ്റാലിയന് എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ, ബറ്റാലിയന് ഡിഐജി ജെ ഹിമേന്ദ്രനാഥ്, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, കണ്ണൂര്‍ റൂറല്‍ എസ്പി ഉമേഷ് ഗോയല്‍, സിറ്റി പൊലിസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഢി, കാസര്‍ഗോഡ് എസ്പി നിതിന്‍രാജ്, സിആര്‍പിഎഫ് ഡിഐജി മാത്യു എ. ജോണ്‍, ഏഴിമല നാവിക അക്കാഡമി കമാന്‍ഡര്‍ ഗിരിപ്രസാദ്, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ഓമന പങ്കന്, കണ്ണൂര്‍ കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എംഎസ്പിയിലെ മികച്ച ഷൂട്ടറായി കെ.വൈ. ജിതിന്, ഇന്‍ഡോര്‍ വിഭാഗത്തില്‍ പി.ആദര്‍ശ്, സൈബര്‍ മികവില്‍ കെ.ഷിബിന്‍, ഔട്ട്ഡോര്‍, ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ ബി.ഐ. ജിനു എന്നിവരും കെഎപിയിലെ മികച്ച ഷൂട്ടറായി കെ.വി.നിവേദ് , ഇന്‍ഡോര്‍ വിഭാഗത്തില്‍ ആല്വിന് വര്‍ഗീസ്, സൈബര്‍ മികവില്‍ എസ്.പി. അമര്‍നാഥ്, ഔട്ട്ഡോറില് സബിന്‍ ടി.സത്യന്, ഓള് റൗണ്ടറായി ഡി. അമല്‍ദേവ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കെഎപി നാലാം ബറ്റാലിയനിലെ 166, എംഎസ്പിയിലെ 139 എന്നിങ്ങനെ 305 പേരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
District News
തിരുവനന്തപുരം: വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിന്റെ പൂന്തോട്ടത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ കൃഷിചെയ്ത ജമന്തികൃഷിയുടെ വിളവെടുത്തു. മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഫാ. ജോമോൻ അഗസ്റ്റിൻ സിഎംഐ, വൈസ് പ്രിൻസിപ്പൽ ബിന്ദു രമേഷ് എന്നിവർ പങ്കെടുത്തു. അധ്യാപികമാരായ ദിവ്യ അരുൺ, സുഷമ, ഗിരിജ, രേവതി, സുജ, ഗായത്രി, ഭവ്യ ബിമൽ, റീസ സുനിൽ എന്നിവർ നേതൃത്വം നൽകി.
District News
കടുമേനി: വാഹനപ്രേമികളെ ആവേശത്തിലാറാടിച്ച് കടുമേനിയിലെ ഓഫ് റോഡ് ചലഞ്ച് മത്സരം. കാസര്‍ഗോഡ് ജില്ലയിലെ ആദ്യമായി നടന്ന ഓഫ് റോഡ് റേസ് നേരില്‍ കാണുന്നതിനായി സ്ത്രീകളും കുട്ടികളുമടക്കം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നൂറുകണക്കിന് ആള്‍ക്കാരാണ് ഈ മലയോരഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്.
കണ്ണൂര്‍ റൈഡേഴ്സ് ആന്‍ഡ് ഓഫ് റോഡ് ക്ലബും മോട്ടുള് കണ്ണൂരും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പ്രത്യേകമായി തയാറാക്കിയ ട്രാക്കിലൂടെയായിരുന്നു മത്സരം. ഉദ്ഘാടകനായ സന്ദീപ് വാര്യര്‍ എംഎല്‍എ തന്നെ വണ്ടിയുമായി ട്രാക്കിലിറങ്ങിയതോടെ കാണികള്‍ ആവേശകൊടുമുടിയേറി. വലിയ കുഴികളും ചെളിയുമൊക്കെ നിറഞ്ഞ ദുര്‍ഘടമായ മണ്‍പാതയിലൂടെ അനായാസമായാണ് എംഎല്‍എ ഡ്രൈവ് ചെയ്തത്.
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഫ്ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ജീപ്പ്, ഥാര്‍, ജിപ്സി, ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങളുമായി 55 പേരാണ് മാറ്റുരച്ചത്. ഇതില്‍ ആറുപേര്‍ വനിതകളായിരുന്നു. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ജിമ്നി വിഭാഗത്തില്‍ സാബു സേവ്യര്‍-രത്തന്‍ സഖ്യവും ഥാർ വിഭാഗത്തില്‍ മുബഷിര്‍-റാഷിദ് സഖ്യവും സ്റ്റോക്ക് പെട്രോള്‍ വിഭാഗത്തില്‍ ഭുവന്-നിപുണ്‍ സഖ്യവും സ്റ്റോക്ക് ഡീസല്‍ വിഭാഗത്തില്‍ അഭിഷേക് ബോര്‍കര്‍- മനീഷ് സഖ്യവും എസ്യുവി വിഭാഗത്തില്‍ ഫായിസ്-മുബൈസ് സഖ്യവും വനിതാവിഭാഗത്തില്‍ ഷോണി പവിത്രന്- രാജീവ് ലാല്‍ സഖ്യവും ജേതാക്കളായി.
District News
ആലക്കോട്: കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനുവേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് രണ്ടു വർഷം. ആലക്കോട് കാവുംകുടിയിലെ കോട്ടയിൽ സുരേഷും ഭാര്യ ഉഷയുമാണ് മകൻ അമലിന്റെ (26) തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സഹോദരി അൽഷയും സഹോദരൻ ജീവനോടെയുണ്ടാകണമെന്ന പ്രാർഥനയിലാണ്.
2024 സെപ്റ്റംബർ ഒന്നിനാണ് കുവൈറ്റ് സമുദ്രാതിർത്തിയിൽ "അറബക്തർ ഒന്ന്' എന്ന കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ആറുപേരിൽ ഒരാളായ അമൽ സുരേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ട തൃശൂർ കളരിക്കര സ്വദേശി ഹരീഷ് ഹരിദാസിന്റെ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇറാൻ സ്വദേശിയായ ക്യാപ്റ്റൻ ഹമീദ് ഖന്നയെയും അമലിനെയും കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
അമലിനെ കാണാതായ വിവരം സെപ്റ്റംബർ അഞ്ചിനാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചത്. ആദ്യം അമൽ മരിച്ചതായാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടർന്ന് നാലുപേരുടെ മൃതദേഹങ്ങൾ ലഭിച്ചതായും അറിയിച്ചു. കുവൈറ്റ് എംബസിയുടെ നിർദേശപ്രകാരം അമലിന്റെ മാതാപിതാക്കളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് എംബസിക്ക് കൈമാറുകയും ചെയ്തു. നാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായതെന്നും അതിൽ അമൽ ഉൾപ്പെട്ടിട്ടില്ലെന്നുമായിരുന്നു സെപ്റ്റംബർ 26ന് കുടുംബത്തിന് ലഭിച്ച അവസാന സന്ദേശം. പിന്നീട് എംബസിയുടെ ഭാഗത്തുനിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
സർക്കാർ ഇടപെടൽ
കാര്യക്ഷമമല്ലെന്ന് കുടുംബം
അമലിനെ കാണാതായി രണ്ടുവർഷം പിന്നിട്ടിട്ടും സർക്കാർ തലത്തിലുള്ള ഇടപെടൽ കാര്യക്ഷമമല്ലെന്ന പരാതിയാണ് കുടുംബത്തിനുള്ളത്. സംഭവം നടന്നതുമുതൽ മകനെ കണ്ടെത്താൻ പിതാവ് സുരേഷ് മുട്ടാത്ത വാതിലുകളില്ല. അന്നത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് നോർക്കയെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും പലതവണ നേരിൽക്കണ്ട് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും കുടുംബം പറയുന്നു.
കെ. സുധാകരൻ എംപിയും സജീവ് ജോസഫ് എംഎൽഎയും അമലിന്റെ വീട് സന്ദർശിച്ചിരുന്നു. എന്നാൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ദുരൂഹതകൾ ബാക്കി
അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് സുരേഷ് സെയ്ലേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് രവി വിട്ടിലിനൊപ്പം മുംബൈയിലെ ഷിപ്പിംഗ് ഓഫീസിലെത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ചെയർമാൻ ശ്യാം ജഗന്നാഥന് നിവേദനം നൽകിയിരുന്നു.
മറൈൻ രംഗത്ത് പരിചയസമ്പന്നനായ ക്യാപ്റ്റൻ ഹമീദ് ഖന്നയും അമലും സുരക്ഷാബോട്ടിൽ രക്ഷപ്പെട്ട് സമീപരാജ്യങ്ങളിലെ ഏതെങ്കിലും ജയിലിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന സംശയവും കുടുംബത്തിനുണ്ട്. ഹമീദ് ഖന്നയെ കണ്ടെത്താനായാൽ അമലിനെക്കുറിച്ചും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മുംബൈ ഗ്ലോബൽ മറൈൻ ഏജൻസി വഴിയാണ് അമലിന് ജോലി ലഭിച്ചതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ മുംബൈയിലെ എർത്ത് ഓഷ്യൻ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി വഴിയാണ് ജോലി ലഭിച്ചതെന്ന് ഡിജിഎസ് ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു. വെസൽ ഈസ് മറിയം എന്ന കപ്പലിൽ ജോലി ലഭിച്ചതായാണ് രേഖകളിലുള്ളത്. ഈ സാഹചര്യത്തിൽ അമൽ അറബക്തർ ഒന്ന് എന്ന കപ്പലിൽ എങ്ങനെ എത്തിയെന്നതിലും ദുരൂഹത തുടരുകയാണ്.
ജനുവരിയിൽ ജോലി ലഭിച്ച് മുംബൈയിലേക്ക് പോയ അമൽ കൈയിൽ കരുതിയ 4.32 ലക്ഷം രൂപയിൽ നാലു ലക്ഷം രൂപ ഏജൻസിക്ക് നൽകിയെന്നാണ് കുടുംബം പറയുന്നത്. ജോലിയിൽ പ്രവേശിച്ചതിനുശേഷം കപ്പൽ കമ്പനിയിൽനിന്ന് ശമ്പളമൊന്നും ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കണമെന്ന് സുരേഷ് ഡിജിഎസ് ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയിലും ഹർജി
അധികാരികളിൽനിന്നും ജനപ്രതിനിധികളിൽനിന്നും പ്രതീക്ഷിച്ച ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്ന് അമലിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം സുരേഷ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. മറൈൻ ലോയർ വി.ജെ. മാത്യു ആൻഡ് കമ്പനി പ്രതിഫലം വാങ്ങാതെയാണ് കേസ് നടത്തുന്നത്. കുവൈറ്റ് സമുദ്രാതിർത്തിയിൽ നടന്ന അപകടമായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നാണ് ഷിപ്പിംഗ് മന്ത്രാലയം കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള സാഹചര്യമാണുള്ളത്.
അപകടം നടന്ന് രണ്ടു വർഷം പിന്നിട്ടിട്ടും കമ്പനിയുടെ ഭാഗത്തുനിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ കുടുംബത്തിന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാത്തതിനാൽ ഓട്ടോ തൊഴിലാളിയായ സുരേഷും കുടുംബവും നഷ്ടപരിഹാരത്തിനായുള്ള നടപടികൾക്ക് പിന്നാലെ പോകാനും തയാറായിട്ടില്ല.
District News
നെടുമങ്ങാട്: മലയോര മേഖലയിലെ ആയിരങ്ങളുടെ ആശ്ര യമായ ആതുരാലയത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ രോഗികളും കൂട്ടിരിപ്പുകാരും വീർപ്പുമുട്ടുന്നെന്ന് ആക്ഷേപം.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. എത്തുന്ന രോഗികളാകട്ടെ, ആശുപത്രിയിലെ കടുത്ത ദുരിതങ്ങൾ കാരണം ചികിത്സ പൂർത്തിയാക്കാതെ മടങ്ങുന്ന കാഴ്ചയാണുള്ളത്. 89.46 കോടിയുടെ കിഫ്ബി ഫണ്ട് ചെലവിട്ടെന്ന അവകാശവാദങ്ങൾക്കിടെയാണ് നിർമാ ണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നത്.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗി ഡോക്ടറെ കണ്ടശേഷം ലാബ് പരിശോധനകൾക്കായി പുതുതായി കെട്ടിടത്തിൽ എത്തണം. എന്നാൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തുമ്പോൾ മാത്രമാണ് പണമടയ്ക്കാനുള്ള കൗണ്ടർ താഴെ പ്രസവ വാർഡിന് സമീപമാ ണെന്നറിയുക. പണമടച്ചു വീണ്ടും തിരികെ ചെന്നശേഷ മേ ടെസ്റ്റുകൾ നടത്താൻ സാധിക്കൂ. ടെസ്റ്റ് റിസൾട്ട് വാങ്ങിയശേഷം വീണ്ടും ഡോക്ടറെ കാണാൻ പോകണം. ഡോക്ടർ മരുന്നു കുറിച്ചാൽ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫാർമസിയിലെത്തണം.
പുതിയ കെട്ടിടത്തിലാകട്ടെ ലിഫ്റ്റ് സംവിധാനങ്ങളില്ല. അസുഖ ബാധിതരായി അവശരായെത്തുന്ന രോഗികൾ, പ്രത്യേകിച്ച് വയോജനങ്ങൾ, പടവുകൾ കയറിയിറങ്ങി വേണം മരുന്നു വാങ്ങാൻ. വലിയ അസുഖങ്ങളുമായി എത്തുന്നവരുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഈ പ്രതിസന്ധികൾക്കു പുറമെയാണ് ഫാർമസിയുടെ മാറ്റം സൃഷ്ടിച്ച ദുരിതം. നേരത്തെ വളരെ പെട്ടന്ന് മരുന്നു ലഭിച്ചിരുന്ന ആശുപത്രി ഫാർമസി പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടം ഇപ്പോൾ "കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി'യാക്കി മാറ്റിയത് ജനങ്ങളെ കൂടുതൽ വലച്ചിരിക്കുകയാണ്.
മുൻപ് പ്രവർത്തിച്ചിരുന്ന ആ പഴയ കെട്ടിടത്തിൽ തന്നെ ഫാർമസി തിരികെ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം. ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ അനന്തമായി നീളുന്നതാണ് ഈ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം. അധികൃതരുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകളുടെ കുറവും കരാറുകാരുടെ അലംഭാവവുമാണ് 89 കോടി രൂപയുടെ പദ്ധതി ഇങ്ങനെ ഇഴയാൻ കാരണം.
District News
കാര്യവട്ടം: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടു നോന്പാചരണവും ഇന്നു മുതൽ എട്ടുവരെ തീയതികളിൽ നടത്തും.
ഇടവക വികാരി ഡോ. സി.സി. ജോണ്‍ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥന, നവനാൾ പ്രാർഥന, വിശുദ്ധ കുർബാന, തിരുവചന പ്രഘോഷണം, നേർച്ച വിളന്പൽ എന്നിവ ഉണ്ടായിരിക്കും. ഇന്നു മാവേലിക്കര ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് തിരുവചന പ്രഘോഷണം നടത്തും. നാളെ കാരേറ്റ് ഹോളി ഫാമിലി എസ്എംസിസി വികാരി റവ. ഡോ. ജോസഫ് വെണ്‍മാനത്ത് തിരുവചന പ്രഘോഷണം നടത്തും. മൂന്നിന് എംഎസ്എസ്എസ് ഡയറക്ടർ റവ. ജോണ്‍ അരീക്കൽ തിരുവചന പ്രഘോഷണം നടത്തും.
നാലിന് സെന്റ് അലോഷ്യസ് മൈനർ സെമിനാരി സ്പിരിച്വൽ ഫാദർ റോയി ജോർജ് വയലിറക്കത്ത് തിരുവചന പ്രഘോഷണം നടത്തും. അഞ്ചിന് പോത്തൻകോട് സെന്റ് തോമസ് എംഎംസിസി വികാരി ഫാ. ജോബിൻ കറുകയിൽ തിരുവചനപ്രഘോഷണം നടത്തും. ആറിന് അരുവിയോട് എസ്എംസിസി വികാരി ഫാ. തോമസ് പൂവണ്ണാൽ, ഏഴിന് ചെന്പുമല എസ്എംസിസി വികാരി ഫാ. ജയിംസ് ചരുവിളയിൽ എന്നിവർ തിരുവചനപ്രഘോഷണം നടത്തും. എട്ടിന് ആദ്യ കുർബാന സ്വീകരണചടങ്ങുകൾക്ക് മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യകാർമികനാകും. തുടർന്ന് കൊടിയിറക്ക്.
District News
കണ്ണൂര്‍: കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയ്ക്ക് അര്‍ഹരായ വ്യക്തിയുടെ പേരും ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. നിര്‍ധന രോഗികള്‍ക്ക് താങ്ങേകുന്ന ആസ്റ്റര്‍ മിംസിന്റെ ഈ മാനുഷിക ഇടപെടല്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
30 പേര്‍ക്ക് സൗജന്യമായി ശ്രവണ സഹായികളും അഞ്ചുപേര്‍ക്ക് സൗജന്യ നിരക്കില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയും ലഭ്യമാക്കുക എന്നതാണ് ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഇന്നു മുതല്‍ 10 വരെ രോഗനിർണയ മെഡിക്കൽ ക്യാമ്പ് നടത്തും . ഡോ. വി. രാമകൃഷ്ണന്, ഡോ. വി.കെ. അക്ഷയ്, ഡോ. ടി.വി. വിഷ്ണുദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കും. നിര്‍ധനരായ രോഗികളുടെ പുനരധിവാസത്തിനായി വരും നാളുകളിലും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു.
ടി.ഒ. മോഹനന് എംഎല്‍എ, സിഎംഎസ് ഡോ. സുപ്രിയ രഞ്ജിത്ത്, ഇഎന്‍ടി വിഭാഗം മേധാവി ഡോ. വി. രാമകൃഷ്ണന്, ഇന്റേണല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. മുരളി ഗോപാല്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ കെ.വി. മുഹമ്മദ് ഹസീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്ട്രേഷന് +91 62352 34000 എന്ന മ്പറില്‍ ബന്ധപ്പെടണം.
District News
വട്ടിയൂര്‍ക്കാവ്: ഓണം വാരാഘോഷ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയില്‍ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ വനം വകുപ്പിന്റെ ടാബ്ലോ മന്ത്രി ഷിബു ബേബി ജോണ്‍ വഴുതക്കാട്ടെ വനം ആസ്ഥാനത്തെത്തി സന്ദര്‍ശിച്ചു. ടാബ്ലോ നിര്‍മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഫ്ളോട്ട് നിര്‍മിച്ച കലാകാരന് എസ്ടി ബിജുവിനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ആൻഡ് വനം വകുപ്പു മേധാവി രാജേഷ് രവീന്ദ്രന്, പി. പുകഴേന്തി, ദീപക് മിശ്ര, പ്രമോദ് ജി. കൃഷ്ണന്, ഡോ. എല്‍. ചന്ദ്രശേഖര്‍, പ്ലോട്ടിന്റെ നിര്‍മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബൈജു കൃഷ് ണന്, സിനി കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
പെരുമ്പടവ്: തെങ്ങ് കൃഷിക്ക് നല്ലകാലം. പക്ഷേ കൃഷിക്കാരെ നിരാശപ്പെടുത്തി തൈകളുടെ ദൗർലഭ്യം. ഈ വർഷം തെങ്ങിൻ തൈകൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടത്. ഡി× ടി, ടി×ഡി, കുറ്റ്യാടി തെങ്ങിൻ തൈകളാണ് സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ നഴ്സറികളിലും ലഭ്യമല്ലാത്തത്. സ്റ്റോക്കുണ്ടായിരുന്ന തൈകൾ വളരെമുന്പ് വിറ്റുപോയി. കൃഷിഭവനുകളിൽ തൈ വിതരണം ഉണ്ടായിരുന്നെങ്കിലും അവയ്ക്കൊക്കെ ഒരു മണിക്കൂറിനുള്ളിൽ തൈകൾ തീർന്നുപോയി.
നടുവിൽ കൃഷിഭവനിൽ ടി×ഡി, കുള്ളൻ തെങ്ങിൻ തൈകൾ എന്നീ ഇനങ്ങളിൽ 250 കൈകളാണ് വിതരണം ചെയ്തത്. ടോക്കൺ നൽകിയാണ് ആവശ്യക്കാരെ കണ്ടെത്തിയത്. ഒരു കൃഷിക്കാരന് ആകെ രണ്ടു തൈകൾ വീതമാണ് നൽകിയത്. ചപ്പാരപ്പടവ് കൃഷിഭവനിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇവിടെ തൈകളുടെ ആവശ്യം മനസിലാക്കി വീണ്ടും തൈകൾ എത്തിച്ചെങ്കിലും ആരെയും തൃപ്തരാക്കാൻ സാധിച്ചില്ല.
കരിമ്പത്ത് ജില്ലാ കൃഷിത്തോട്ടത്തിൽ തെങ്ങിൻ തൈ അന്വേഷിച്ചുവരുന്നവരും നിരാശരായി മടങ്ങുകയാണ്. കഴിഞ്ഞവർഷം തൈകൾ ഉത്പാദിപ്പിച്ചിരുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലും പന്നിയൂർ ഗവേഷണ കേന്ദ്രത്തിലും ഇക്കുറി തൈകൾ തയാറാക്കിയില്ല. വിത്ത് തേങ്ങ കിട്ടാത്തതാണ് കാരണമായി പറയുന്നത്. നാടൻ കുറ്റ്യാടി ഇനത്തിനും ഹൈബ്രിഡ് ഡി×ടി ഇനത്തിനുമാണ് ആവശ്യക്കാർ കൂടുതലുള്ളത്. കൂടയിലാക്കിയ ഹൈബ്രിഡ് തൈകൾക്ക് സ്വകാര്യ നഴ്സറികളിൽ 500 രൂപയ്ക്ക് മുകളിലായിരുന്നു വില. കുറ്റ്യാടി തൈകൾക്ക് 250 രൂപയും. കരിമ്പം ഫാമിലും ഇതേ വിലയ്ക്കാണ് വില്പന നടന്നത്. എന്നാൽ കൃഷിഭവനിൽ ഹൈബ്രിഡിന് 130 രൂപയും കുള്ളന്‍ 60 രൂപയുമായിരുന്നു.
തേങ്ങയ്ക്കും ചിരട്ടയ്ക്കും നല്ലകാലം വന്നത് തെങ്ങ് കൃഷിയിലേക്ക് തിരിയാൻ കർഷകർക്ക് പ്രേരണയായിട്ടുണ്ട്. വർഷങ്ങളായി തെങ്ങിന് തടം തുറക്കലും വളവും ചെയ്യാത്തവർ ഉൾപ്പെടെ വീണ്ടും ഇതിലേക്ക് തിരിയുകയും തെങ്ങ് കൃഷിയെ സ്നേഹിച്ചും തുടങ്ങിയിട്ടുണ്ട്. രാസവളം ലഭ്യമല്ലാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കുറഞ്ഞ സമയം കൊണ്ട് കായ്ക്കുന്ന അധികം ഉയരം വയ്ക്കാത്ത തൈകൾക്കാണ് കർഷകർക്ക് പ്രിയം. കുറ്റ്യാടി, ഡി×ടി തൈകളാണ് ഏറ്റവും കൂടുതൽ വിറ്റു പോകുന്നതെന്ന് നഴ്സറി ഉടമകൾ പറയുന്നു. കഴിഞ്ഞവർഷം വരെ 250 രൂപയിൽ താഴെ ഉണ്ടായിരുന്ന പുതിയ ഇനം തെങ്ങിൻ തൈകൾക്ക് ഇരട്ടിയിലധികം വില കൂടി.
District News
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വെടിവയ്പിന്റെ 88 -ാം വാർഷികാചരണത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കര നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തിലും അത്താഴമംഗലം വീരരാഘവ സ്മൃതിയിലും പുഷ്പാര്‍ച്ചന നടത്തി. ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് കെ.കെ. ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ആര്.വി. വിജയബോസ്, വി.എസ്. സജീവ് കുമാര്‍, കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, ആര്. അജിത, ആര്. അഖില, അനി, സംഗീത പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
District News
പയ്യന്നൂർ: പയ്യന്നൂർ മിഡ് ടൗൺ റോട്ടറി ക്ലബിന്റെയും ചെസ് അസോസിയേഷൻ കണ്ണൂരിന്റെയും ആഭിമുഖ്യത്തിൽ പയ്യന്നൂർ ചിന്മയ വിദ്യാലയത്തിൽ നാലു ദിവസങ്ങളിലായി നടന്നുവന്ന വി.വി. ബലറാം മെമ്മോറിയൽ അഖിലേന്ത്യാ ചെസ് ടൂർണമെന്റിൽ ഇന്റർ നാഷണൽ ഗ്രാൻഡ് മാസ്റ്റർ എൻ.ആർ. വിഘ്നേഷ് (തമിഴ്നാട്) ഏഴ് പോയിന്റ് നേടി ചാമ്പ്യനായി.
റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പീറ്റർ കിരിയാക്കോവ് രണ്ടാം സ്ഥാനത്തെത്തി. ഡാനിയൽ അജീഷ് (കോട്ടയം), ഇ.യു. അഹസ് (തൃശൂർ), പ്രശാന്ത് ജെ. നായിക്ക് (കർണ്ണാടക), ഗൗരിശങ്കർ ജയരാജ് (തൃശൂർ), ദിശങ്ക് സച്ചിൻ (മഹാരാഷ്ട്ര), സിദ്ധാർഥ് മോഹനൻ (തിരുവന്തപുരം), എസ്.വി. റിയാൻ (കോഴിക്കോട് ), സിദ്ധാർഥ് ശ്രീകുമാർ (തിരുവന്തപുരം) എന്നിവർ യഥാക്രമം മൂന്നു മുതൽ 10 വരെ സ്ഥാനങ്ങൾക്ക് അർഹരായി.
അഡ്വ. കെ. വിജയകുമാർ സമ്മാനദാനം നിർവഹിച്ചു. വി. ശിവസ്വാമി അധ്യക്ഷത വഹിച്ചു. ഗംഗാധരൻ മേലേടത്ത്, വി.എൻ. വിശ്വനാഥൻ, പി.വി. രാജേന്ദ്രൻ, സുഗുണേഷ് ബാബു, കെ.വി. ഗിരീഷ്, പ്രസന്ന ശിവസ്വാമി, വി.പി. ബേബി, ഡോ. ഗൗതം ഗോപിനാഥ്, പി. ഈശ്വരൻ, സി. ശ്രീലത, വി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു.
District News
പാറശാല: നെയ്യാറ്റിന്‍കര റയില്‍വേ പ്ലാറ്റ്ഫോമില്‍നിന്ന് ഏകദേശം ഒരു പവന് തൂക്കം തോന്നിക്കുന്ന സ്വര്‍ണമാല കളഞ്ഞു കിട്ടിയിട്ടുണ്ട്. സ്വര്‍ണമാല പാറശാല റെയില്‍വേ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ ബന്ധപ്പെടേണ്ടതാണ്. കൂടു തൽ വിവരങ്ങൾക്ക് ഫോണ്‍. 04712202068.
District News
നീലേശ്വരം: മലയോരമേഖലകളിൽ നിന്നുൾപ്പെടെ പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജനറൽ ഒപി സേവനങ്ങൾക്കു പോലും കാത്തിരിപ്പ് നീളുന്നു. ജനറൽ ഒപി വിഭാഗത്തിൽ മൂന്നു ഡോക്ടർമാരെങ്കിലും ആവശ്യമുള്ളിടത്ത് മിക്കപ്പോഴും ഒരാൾ മാത്രമാണ് ഉണ്ടാകുന്നത്. പലപ്പോഴും നിശ്ചിതസമയം കഴിഞ്ഞ് മണിക്കൂറുകളോളം ഇവർ തന്നെ ജോലി തുടരേണ്ട അവസ്ഥയാണ്.
കഴിഞ്ഞയാഴ്ച ഓണവും മെഡിക്കൽ പിജി പ്രവേശനപരീക്ഷയും ഒരുമിച്ചുവന്നപ്പോൾ ആശുപത്രിയിലെ ഒപി സേവനങ്ങൾ തടസപ്പെടുന്ന നിലയായിരുന്നു. രാത്രി ഏഴിനു ശേഷം ഒപി ടിക്കറ്റ് നൽകാതെ രോഗികളെ തിരിച്ചയക്കേണ്ടിവരുന്ന അവസ്ഥ പോലുമുണ്ടായി. ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവർ അവശനിലയിലുള്ള രോഗികളെയുംകൊണ്ട് വീണ്ടും കാഞ്ഞങ്ങാട്ടേക്ക് വണ്ടി പിടിക്കേണ്ട നിലയിലായിരുന്നു.
രാത്രികാലങ്ങളിൽ ഒരു ഡോക്ടർ മാത്രം ഡ്യൂട്ടിയിലുണ്ടാകുമ്പോൾ പലപ്പോഴും അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ നോക്കാൻ പോകേണ്ടിവരുന്നതിനാൽ ജനറൽ ഒപി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു.
നേത്രരോഗം, അസ്ഥിരോഗം, ഇഎൻടി, ത്വക്ക് തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാരില്ലാതായിട്ട് കാലങ്ങളായി. ഏറെക്കാലമായി സ്ഥിരം ഗൈനക്കോളജിസ്റ്റും ഇല്ല. അത്യാഹിത വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് ജനറൽ ഒപിയിലെ ഡോക്ടർമാർക്കുതന്നെ അങ്ങോട്ടു പോകേണ്ടിവരുന്നത്.
അവധിയിലുള്ള ഡോക്ടർമാർ പിജി പ്രവേശന പരീക്ഷ കഴിഞ്ഞതോടെ ഈയാഴ്ച തിരിച്ചെത്തുമെന്നും ഇതോടെ ഡോക്ടർമാരുടെ ക്ഷാമം തീരുമെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ പരീക്ഷയെഴുതിയ പലർക്കും പിജി പ്രവേശനം ലഭിക്കുന്നതോടെ ആഴ്ചകൾക്കകം ഒഴിവുകളുടെ എണ്ണം വീണ്ടും കൂടാനാണ് സാധ്യത. അപ്പോഴേക്കും കരാർ നിയമനത്തിലൂടെയെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെയും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികളുടെയും ആവശ്യം.
District News
നെയ്യാറ്റിൻകര: ഓലത്താന്നി ത്രീജി ഫ്രണ്ട്സ് ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബിന്റെ ഓണാഘോഷം എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്.വി. വിജയബോസ്, കൗണ്‍സിലര്‍ രാജു, മുന്‍ കൗണ്‍സിലര്‍മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്, എസ്. സത്യരാജ് എന്നിവര്‍ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.
District News
കാസർഗോഡ്: ജില്ലയിൽ കുടുംബശ്രീയുടെ ഓണക്കാല വിൽപനയിൽ മുൻവർഷത്തേക്കാൾ 36.43 ലക്ഷത്തിന്റെ കുറവ്. കഴിഞ്ഞവർഷം 1.16 കോടി രൂപയുടെ കച്ചവടം നടന്നതിന്റെ സ്ഥാനത്ത് ഇത്തവണ 79.85 ലക്ഷം രൂപയുടെ വിൽപന മാത്രമാണ് ഉണ്ടായത്. ഒരു സിഡിഎസിനു കീഴിൽ രണ്ട് എന്ന നിലയിൽ ജില്ലയിലാകെ 84 ഓണച്ചന്തകൾ തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മഴയും മറ്റു പ്രതികൂല ഘടകങ്ങളും മൂലം 61 ചന്തകൾ മാത്രമാണ് തുറന്നത്. ഈ ചന്തകളിൽ ഉത്പന്നങ്ങളുടെ വിറ്റുവരവും കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറഞ്ഞു. കഴിഞ്ഞവർഷം ഓണച്ചന്തകളിൽ നിന്നുമാത്രം 86.83 ലക്ഷത്തിന്റെ വരുമാനമുണ്ടായത് ഈ വർഷം 47.23 ലക്ഷമായി കുറഞ്ഞു. ഉത്പന്നങ്ങൾ വാങ്ങാനെത്തിയവരുടെ എണ്ണം തന്നെ കുത്തനെ കുറഞ്ഞതായി വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ പറയുന്നു.
കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഓർഡർ എടുത്ത് വിതരണം ചെയ്ത ഓണസദ്യകളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വർഷം 8540 സദ്യകളിൽ നിന്നായി 13.08 ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നപ്പോൾ ഇത്തവണ അത് 5400 സദ്യകളിൽ നിന്നായി 12.45 ലക്ഷമായി കുറഞ്ഞു. പൂവിൽപനയും പച്ചക്കറി വിൽപനയുമെല്ലാം കഴിഞ്ഞ വർഷത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞു.
മഴയ്ക്കും പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്കുമൊപ്പം സംസ്ഥാനത്തെയും വിവിധ തദ്ദേശസ്ഥാപനങ്ങളിലെയും ഭരണമാറ്റം മൂലം കുടുംബശ്രീയിലെ ഇടത് അനുകൂല വിഭാഗങ്ങളിലുണ്ടായ മാന്ദ്യവും തിരിച്ചടിക്കു കാരണമായതായാണ് നിഗമനം. അതേസമയം മുൻവർഷങ്ങളിൽ കുടുംബശ്രീയുടെയും സഹകരണവകുപ്പിനു കീഴിലുള്ള കൺസ്യൂമർഫെഡിന്റെയും കടന്നുവരവോടെ തീർത്തും മങ്ങിപ്പോയിരുന്ന സപ്ലൈകോ ഇത്തവണ ഇവ രണ്ടിനെയും മറികടന്ന് മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു.
സപ്ലൈകോയുടെ ഓണച്ചന്തകളിലും സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലുമെല്ലാം ഇത്തവണ സാധനങ്ങളുടെ ക്ഷാമം ഒട്ടുമുണ്ടായില്ല. ഇതാദ്യമായി നീലേശ്വരത്തുവച്ചു നടത്തിയ ജില്ലാതല മേളയിൽ 12 ദിവസം കൊണ്ട് 32 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ ഓണച്ചന്തയിലും ഔട്ട്ലെറ്റിലുമായി 25 ദിവസം കൊണ്ട് 50.05 ലക്ഷം രൂപയുടെ കച്ചവടം നടന്നു. ഉദുമ മണ്ഡലത്തിൽ 28 ലക്ഷം രൂപയുടെയും കാസർഗോഡ് 42 ലക്ഷം രൂപയുടെയും മഞ്ചേശ്വരത്ത് 12.5 ലക്ഷം രൂപയുടെയും വിറ്റുവരവാണ് ലഭിച്ചത്.
District News
വെള്ളറട: ശക്തമായി വീശിയടിച്ച കാറ്റില്‍ വൈദ്യുതി തൂണുകൾ കടപുഴകി, ഗ്യാസ് ഏജന്‍സിയുടെ സിലിണ്ടറുകള്കൊണ്ടു പോവുകയായിരുന്ന മിനി ലോറിയുടെ പുറത്ത് പതിച്ചു. വൈദ്യുതി തൂണുകൾ മറിഞ്ഞു വീണപ്പോള്‍തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ ആനപ്പാറയില്‍നിന്നും എലിവാലന്‍ കോണത്തേക്കു പോവുകയായിരുന്ന നിരഞ്ജന് ഗ്യാസ് ഏജന്‍സിയുടെ മിനി ലോറിയുടെ പുറത്താണ് വൈദ്യുതി കമ്പികളും വൈദ്യുതി തൂണുകളും പതിച്ചത്.
തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി തൂണു കളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷമാണ് വാഹനം റോഡിൽനിന്നു മാറ്റിയത്. തുടര്‍ന്നു പുതിയ വൈദ്യുതി തൂണുകൾ സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി തൂണു കൾ ഒടിഞ്ഞു വീഴുന്ന സമയത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി തൂണുകൾ അപകടാവസ്ഥയിലാണെന്നു പ്രദേശവാസികള്‍ വൈദ്യുതി വകുപ്പിനെ നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
District News
റാണിപുരം: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ പനത്തടി ഫൊറോനയുടെ ആതിഥേയത്വത്തിൽ റാണിപുരത്ത് സംഘടിപ്പിച്ച ആരണ്യം പരിസ്ഥിതി സഹവാസ ക്യാമ്പ് നടത്തി.
പരിസ്ഥിതി സംരക്ഷണം, പ്രകൃതിയോടുള്ള സഹജീവിതം, യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം, പ്രകൃതിപഠനം, ട്രെക്കിംഗ്, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ചർച്ചകൾ, കലാപരിപാടികൾ, പ്രാർഥന തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. പ്രകൃതിയുമായി അടുത്തിടപഴകുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ക്യാമ്പ് യുവജനങ്ങൾക്ക് അവസരമായി. റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും നേരിട്ടറിയുന്നതിനൊപ്പം സൗഹൃദവും കൂട്ടായ്മയും വളർത്തിയെടുക്കാനുമുള്ള വേദിയായി മേരിപുരം സെന്റ് മേരീസ് സ്കൂളിൽ നടന്ന ക്യാമ്പ് മാറി. വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ നിർവഹിച്ചു. സമാപന സമ്മേളനം പനത്തടി ഫൊറോന വികാരി ഫാ. ചാക്കോ കുടിപ്പറമ്പിൽ നിർവഹിച്ചു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.
കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ആമുഖപ്രഭാക്ഷണം നടത്തി. കെസിവൈഎം ഫൊറോന ഡയറക്ടറും മേരിപുരം ഇടവക വികാരിയുമായ ഫാ. ജോബിൻ വെള്ളരിങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജിസ്മോൻ കുരിക്കാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച്, ട്രഷറർ ബിബിൻ പീടിയേക്കൽ, പനത്തടി ഫൊറോന പ്രസിഡന്റ് ഷിജിത്ത് മാധവപ്പള്ളി, പനത്തടി ഫൊറോന ആനിമേറ്റർ ജിൻസ് കെ. ജോൺ, വൈസ് പ്രസിഡന്റുമാരായ അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറിയിൽ എന്നിവർ നേതൃത്വം നൽകി.
District News
ചുള്ളിക്കര: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും എട്ടു നോമ്പാചരണവും ഇന്നു വൈകുന്നേരം 4.30നു വികാരി ഫാ. റോജി മുകളേൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് ഗ്രോട്ടോ വെഞ്ചരിപ്പ്, ആരാധന, ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന എന്നിവ നടക്കും.
നാളെ മുതൽ അഞ്ചുവരെ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.റെജി പുല്ലുവെട്ടത്ത്, ഫാ. സാമുവേൽ ആനിമൂട്ടിൽ, ഫാ. സനീഷ് കയ്യാലക്കത്ത്, ഫാ. സനു കളത്തുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും.
ആറിനു രാവിലെ 6.45ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജോബി കണ്ണാലയിൽ കാർമികത്വം വഹിക്കും, 9.45നു വിശുദ്ധ കുർബാന. ഏഴിന് മുൻ വികാരി ഫാ. ജോഷി വല്ലർകാട്ടിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
സമാപന ദിനമായ എട്ടിനു വൈകുന്നേരം 4.45ന് ആഘോഷമായ സമൂഹബലിക്ക് ഫാ. ഏബ്രഹാം കണ്ടത്തികുടിലിൽ, ഫാ. സണ്ണി എന്നിവർ കാർമികത്വം വഹിക്കും. തിരുനാൾ സന്ദേശം- ഫാ. ജിബിൻ കുഴിവേലിൽ. തുടർന്ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.